ശബരിനാഥ്(ഇടത്ത്), അരവിന്ദന്റെ രാമു എന്ന കാർട്ടൂൺ കഥാപാത്രം(വലത്ത്)
കൊച്ചി: ജി.അരവിന്ദന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ശബരിനാഥ് (87) അന്തരിച്ചു. ഫാക്ടില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ശബരിനാഥ് പിന്നീട് ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി തുടരുകയായിരുന്നു.
അരവിന്ദനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ശബരീനാഥിന് കലാരംഗത്തെ മികവിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമായ ശബരിനാഥ് തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിനു സമീപം സ്റ്റൈല്‍ എന്‍ക്ലേവ് ഫ്ളാറ്റിലായിരുന്നു താമസം.
ഭാര്യ: സരോജം. മക്കള്‍: അമൃതാനായര്, ശ്യാം ശബരിനാഥ്, ആരതി അജിത് കുമാര്‍. മരുമക്കള്‍: ഹരികുമാര്‍, സിന്ധു, അജിത് കുമാര്‍. ശനിയാഴ്ച ഒമ്പതുമുതല്‍ ഫ്ളാറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മൂന്നിന് കാക്കനാട് അത്താണി ശ്മശാനത്തില്‍ സംസ്കരിക്കും.
ചെറിയ വരയിലെ വലിയ 'രാമു'
കൊച്ചി: ''ആഗ്രഹിച്ചതിന്റെ എത്രയോ ഇരട്ടി സൗഭാഗ്യങ്ങളാണ് ജീവിതം എനിക്ക് സമ്മാനിച്ചത്. ഞാന്‍ അതില്‍ പൂര്‍ണ തൃപ്തനാണ്. ഇനിയും എന്താണ് ആഗ്രഹമെന്നു ചോദിച്ചാല്‍ അവസാന നിമിഷം വരെ വായനയും സംഗീതവും ചിത്രരചനയുമായി കഴിയാനാകണമെന്ന് ഞാന്‍ പറയും...'' ശതാഭിഷേകം കടന്ന ജീവിതത്തെപ്പറ്റി തൃക്കാക്കരയിലെ സ്റ്റൈല്‍ എന്‍ക്ലേവ് ഫ്ളാറ്റിന്റെ കോണ്‍ക്രീറ്റ് മുറ്റത്തെ മാവിന്‍ചോട്ടിലിരുന്ന് ശബരിനാഥ് പറഞ്ഞു.
വരയുടെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചാണ് ശബരിനാഥ് കടന്നുപോകുന്നത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ 1961 മുതല്‍ പ്രസിദ്ധീകരിച്ച ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ നായകന് 'രാമു'വിന്റെ മുഖമായിട്ടാണ് മലയാളികള്‍ ശബരിനാഥിനെ ഓര്‍ക്കുന്നത്. കൂര്‍ത്ത താടിയും കുരുവിക്കൂടു പോലെയുള്ള മുടിയുമൊക്കെയായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ രാമുവിന്റെ രൂപം പെട്ടെന്നൊന്നും മറക്കില്ല. അരവിന്ദന്റെ ബാല്യം മുതലുള്ള സുഹൃത്തായിരുന്നു ശബരിനാഥ്. തന്നെക്കാള്‍ ഒന്നര വയസ്സ് ഇളയതായിരുന്ന ശബരിനാഥനെ 'രാമു'വാക്കാനുള്ള തീരുമാനം ഒരു നിയോഗം പോലെ വന്നതാണെന്നാണ് അരവിന്ദന് പറഞ്ഞിരുന്നത്.
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ കഥകള്‍ പറഞ്ഞ ഗ്രാഫിക് നോവലില്‍ അരവിന്ദന്റെ രാമുവായി മാറിയ കഥ എത്ര പറഞ്ഞാലും ശബരിനാഥിനും മതിയാകുമായിരുന്നില്ല. ''കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ പടവുകളിലിരുന്നാണ് ഞാനും അരവിന്ദനും ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. 'മാതൃഭൂമി' പത്രാധിപര്‍ എന്‍.വി. കൃഷ്ണവാരിയര്‍ വരയുടെ ഒരു പംക്തി തുടങ്ങണം എന്നാവശ്യപ്പെട്ട് അയച്ച കത്തിനെപ്പറ്റി എന്നോട് പറഞ്ഞപ്പോഴും അരവിന്ദന് കോഴിക്കോട്ടേക്ക് പോകാന്‍ ഒട്ടും താത്പര്യം കാണിച്ചിരുന്നില്ല. പിന്നെ ഞാനും കൂടെ ചെല്ലാമെന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്.
കോഴിക്കോട്ടെത്തിയ രാത്രി നിലത്ത് ഒരു പായയില്‍ കിടന്നുറങ്ങുമ്പോള്‍ അരവിന്ദന് എന്നോട് ചോദിച്ചു, എന്തിനാണ് കഥാപാത്രങ്ങളെ അന്വേഷിച്ച് നമ്മള് പുറത്ത് അലഞ്ഞുനടക്കുന്നത്. നമ്മുടെ ജീവിതം തന്നെ കഥയാക്കിക്കൂടേ? കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാര്‍ട്ടൂണ്‍ പരമ്പര തുടങ്ങിയപ്പോള്‍ എനിക്കു മനസ്സിലായി, അതിലെ രാമു ഞാനാണെന്ന സത്യം''- ശബരിനാഥ് രാമുവായ കഥ പറഞ്ഞു.
രാമു ആകും മുമ്പേ വരയുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശബരിനാഥിന് കഴിഞ്ഞിരുന്നു. ഡിഗ്രിക്കു ശേഷം കൊല്‍ക്കത്തയിലെ പ്രശസ്തമായ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്ക് ചേര്‍ന്നെങ്കിലും അതുപേക്ഷിച്ച് വരകളുടെ ലോകത്തേക്ക് തിരികെയെത്താനാണ് ശബരി കൊതിച്ചത്. 1963-ല്‍ ഫാക്ടില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി കുറെക്കാലം ജോലി ചെയ്തു. 1968-ല്‍ ശബരിനാഥ് അതുപേക്ഷിച്ച് വരകളുടെ വിശാല ലോകത്തേക്കെത്തി. ഇതിനിടയില്‍ ഒരുപാട് എക്സിബിഷനുകളിലും ശബരിയുടെ സൃഷ്ടികള്‍ ആസ്വാദകരുടെ മുന്നില്‍ വിസ്മയവരകളായി തെളിഞ്ഞു. ധാരാളം പുസ്തകങ്ങള്‍ക്ക് കവര്‍പേജും ചെയ്തിരുന്നു. അന്നും എന്നും വരയ്ക്കുമ്പോള്‍ ഒരു കാര്യം മാത്രമേ ശബരിനാഥ് പറഞ്ഞിട്ടുള്ളൂ, ''പലരും വരയ്ക്കാന്‍ വേണ്ടി വരയ്ക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. വരയ്ക്കണമെന്ന മോഹം അതിന്റെ തീവ്രതയിലെത്തുമ്പോള് മാത്രമേ ഞാന്‍ അതിന് ശ്രമിച്ചിട്ടുള്ളൂ...'
Content Highlights: Artist sabarinath passess away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..