എഐ ക്യാമറകള്‍ നിരീക്ഷണ സജ്ജം; നിയമലംഘകര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ നോട്ടീസ് 


എഐ ക്യാമറ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.

സെപ്റ്റംബര്‍ മുതല്‍ ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം നിയമലംഘനം നടത്തിയവര്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കി തുടങ്ങാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക. അതേസമയം അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ പുതിയ ക്യാമറകളില്‍ സാധിക്കില്ല. അതിനാല്‍ തന്നെ നിലവിലെ ട്രാഫിക് ക്യാമറകള്‍ തുടര്‍ന്നും ഉപയോഗിക്കും.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇവ റോഡുകള്‍ക്ക് സമീപം സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ വാഹനങ്ങളെ സംബന്ധിച്ച് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററിന്റെ ഡാറ്റകള്‍ കിട്ടാന്‍ വൈകിയതാണ് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നത്.

ചില ജില്ലകളില്‍ ക്യാമറകളുടെ സോഫ്റ്റ്‌വെയര്‍ പ്രശ്നങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങളുടെ ഡാറ്റാ ലഭിക്കുന്നത് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററില്‍ നിന്നാണ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളും എഐ ക്യാമറവഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതില്‍ സോഫ്റ്റ്‌വെയര്‍ പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ട്രയല്‍ റണ്ണില്‍ തൃപ്തികരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, സീറ്റ്ബെല്‍റ്റ് ധരിക്കാതെയുള്ള കാറുകളിലെ യാത്ര, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്യുന്നത്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് എഐ ക്യാമറവഴി തിരിച്ചറിയാനാകുക. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ക്യാമറകള്‍ വഴി അതാത് സമയം കണ്‍ട്രോള്‍ റൂമുകളിലേക്കെത്തും. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇ-ചെലാന്‍ സംവിധാനത്തിലാകും പിഴ ഈടാക്കുക.

പാതയോരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പാര്‍ക്കിങ് ലംഘനങ്ങള്‍ കണ്ടെത്താനായി 25 ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താന്‍ 18 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലകള്‍. മിക്ക ജില്ലകളിലും നാല്‍പതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഇത്തരം ക്യാമറകളുണ്ട്.

Content Highlights: Artificial Intelligence(AI) camera by MVD to track road rule violators in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented