കോഴിക്കോട്: കരുണ എസ്റ്റേറ്റ് വിഷയത്തിലെ ചേരിതിരിവ് ഉമ്മന്‍ ചാണ്ടിയും സുധീരന്‍ ഏറ്റുമുട്ടലിലേക്ക്. മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ തന്നോടാണ് പറയേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി സുധീരന് മറുപടി നല്‍കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കരുണ എസ്റ്റേറ്റിന്റെ കാര്യത്തില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് തെറ്റുപറ്റിയിട്ടില്ല. റവന്യു, നിയമസെക്രട്ടറിമാരുടെ ശുപാര്‍ശ അനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിച്ചത്. മന്ത്രിമാരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. മന്ത്രിസഭ ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിച്ചത്. ഒരു മന്ത്രിസഭാ തീരുമാനവും ചോരാത്തതില്‍ അഭിമാനിക്കുന്നു.

തിരുവമ്പാടി സീറ്റ് ഏറ്റെടുത്ത് മറ്റൊരു സീറ്റ് നല്‍കുന്ന ചര്‍ച്ചനടന്നിരുന്നു. പക്ഷേ അതില്‍ തീരുമാനമായി. ആ സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും മത്സരിക്കുക. അതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.