തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരം സ്വീകരിക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചത്. അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ നാലിന നിര്‍ദേശങ്ങളുണ്ടായിരുന്നു. നേരത്തെയുണ്ടായിരുന്ന മൂന്നു ഉപാധികള്‍ കൂടാതെ കോടതിയുടെ അന്തിമ വിധി കൂടി വന്ന ശേഷം മാത്രമേ കരം പിരിക്കൂ എന്ന വ്യവസ്ഥ കൂടി ചേര്‍ത്ത് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമപരമായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോബ്‌സണിന്റെ കൈവശമുള്ള 840 ഏക്കറില്‍ വനഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ ഇല്ല എന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് എന്ന് പ്രചരിച്ചത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തയായിരുന്നു. കെ.പി.ബി.എസ്സും സി.ആപ്ടും സമയബന്ധിതമായി ലോട്ടറി ടിക്കറ്റുകള്‍ അടിക്കുന്നതില്‍ ചില വീഴ്ചകള്‍ വന്നപ്പോള്‍ വിദഗ്ധ സമിതി ഇത് എങ്ങനെ പരിഹരിക്കാം എന്ന ചര്‍ച്ചയില്‍ ഇങ്ങനെയൊരു നിര്‍ദേശം വരുക മാത്രമാണുണ്ടായത്.

ആഴ്ചയില്‍ 3.15 കോടി ടിക്കറ്റാണ് കെ.പി.ബി.എസ്സില്‍ ഇപ്പോള്‍ അടിക്കുന്നത്. സി ആപ്ടില്‍ 75 ലക്ഷവും. ഇനി ആഴ്ചയില്‍ 40 ലക്ഷം ടിക്കറ്റുകള്‍ കൂടി അധികമായി അച്ചടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായും കെ.പി.ബി.എസ്സിലാകും അടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.