ബംഗളൂരു:   സദ്ഭരണത്തില്‍ കേരളം ഒന്നാമത്. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്‌സ് സെന്റര്‍ എന്ന എന്‍.ജി.ഒ നടത്തിയ സര്‍വേയിലാണ് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയത്. സാമ്പത്തികം, സാമൂഹികം, അടിസ്ഥാന സൗകര്യ വികസനം എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് കേരളം ഒന്നാമതെത്തിയത്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കടാചലയ്യയാണ് സര്‍വേ ഫലം പ്രഖ്യാപിച്ചത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മഹാരാഷ് ട്ര നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്.

25 വിഷയങ്ങളിലായി 68 വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനവും കേരളമാണ്. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്.

രണ്ട് കോടിയില്‍ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ വേര്‍തിരിച്ചാണ് സര്‍വേ നടത്തിയത്. ഈ പട്ടികയില്‍ മിസോറാമാണ് ഒന്നാമത്. ഭരണത്തെ വിലയിരുത്താന്‍ നവീനമായ മാര്‍ഗമാണ് സ്വീകരിച്ചതെന്ന് സര്‍വേ വിഭാഗത്തിന് മേല്‍നോട്ടം വഹിച്ച സീനിയര് ഫെലോ സി.കെ മാത്യു പറഞ്ഞു. 

ആരോഗ്യരംഗത്ത് മികവ് പുലര്‍ത്തിയ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്നതായി സര്‍വേയില്‍ കണ്ടെത്തി. അതേ സമയം കുറ്റകൃത്യങ്ങള്‍ ഏറ്റവു കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം എന്ന പേരുദോഷവും കേരളത്തിനുണ്ട്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം കൊച്ചിയായി മാറി. കൊല്ലമാണ് രണ്ടാം സ്ഥാനത്ത്. 

വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കൂടുതലുണ്ടെങ്കിലും പലതും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതാണ് കേരളം പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ കുത്തനേ കൂടിയതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലപാതകവും മോഷണവും ദേശീയ ശരാശരിയെ അപേക്ഷിച്ച് ഏറ്റവും കുറവും കേരളത്തിലാണ്.