തിരുവനന്തപുരം:  കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കെ.എം മാണിയും പി.ജെ.ജോസഫും കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി ജോസഫ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനും സീറ്റ് ഉറപ്പാക്കാനായിരുന്നു ജോസഫിന്റെ ഈ ആവശ്യം. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ ഇത്തവണയും നല്‍കാമെന്ന് മാണി അറിയിച്ചു. അധികമായി ചോദിച്ച രണ്ട് സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ചചെയ്ത ശേഷം അറിയിക്കാമെന്നാണ് മാണി മറുപടി നല്‍കിയതത്. 

സീറ്റുകള്‍ നേടിയെടുക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഇടപെടല്‍ തേടി പി.ജെ.ജോസഫ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. 

ധാരണപ്രകാരം ജോസഫ് തൊടുപുഴയിലും, ടി.യു കുരുവിള കോതമംഗലത്തും, മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കാനാണ് എല്ലാ സാധ്യതയും. കെ.സി ജോസഫ് രണ്ട് തവണ പരാജയപ്പെട്ടതിനാല്‍ കുട്ടനാട് സീറ്റില്‍ മറ്റൊരാള്‍ സ്ഥാനാര്‍ഥിയായേക്കും.