തിരുവനന്തപുരം: കേരളത്തില്‍നിന്ന് കൂടുതല്‍ നേതാക്കളെ എ.ഐ.സി.സി. നേതൃത്വത്തിലേക്ക് കൊണ്ടുവന്നേക്കും. പി.സി. ചാക്കോ, കെ.സി. വേണുഗോപാല്‍ എന്നിവരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., പി.സി. വിഷ്ണുനാഥ് എം.എല്‍.എ. എന്നിവരെ എ.ഐ.സി.സി. സെക്രട്ടറിമാരായും നിയമിക്കുന്ന കാര്യമാണ് പരിഗണനയില്‍. വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍ എന്നീ എം.എല്‍.എ.മാരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിലേക്കും  കൊണ്ടുവന്നേക്കും. 

ഇവരെ ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള കുറച്ച് നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞിരുന്നു. മിക്ക നേതാക്കളും സംസ്ഥാനത്തുതന്നെ തുടരാനാണ് താത്പര്യം എന്ന നിലപാടാണ് എടുത്തത്. നിയമസഭാംഗങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാലും  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതിനാലും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ നിലപാട്. 

എ.ഐ.സി.സി. വക്താവായ പി.സി. ചാക്കോ, കഴിഞ്ഞ ലോക്‌സഭയില്‍ സഭാധ്യക്ഷന്മാരുടെ പാനലില്‍ അംഗമായപ്പോള്‍ മികച്ച പ്രകടനമാണ് നടത്തിയത്. തുടര്‍ന്ന 2ജി െസ്പക്ട്രം കേസ് അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ചാക്കോയെ കേന്ദ്രനേതൃത്വം ഡല്‍ഹിയില്‍ ചുമതല നല്‍കി നിലനിര്‍ത്തുകയായിരുന്നു. 

p c vishnunath& t.n prathapan

പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹിയായ കെ.സി. വേണുഗോപാല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധേയമായ മുഖമാണ്. ഇരുവരെയും  സംഘടനാചുമതലയിലേക്ക് പരിഗണിക്കാന്‍ ഇത് പ്രേരകമായി. യുവനേതാക്കളെ എ.ഐ.സി.സി.യിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പി.സി. വിഷ്ണുനാഥ്, ടി.എന്‍. പ്രതാപന്‍, എം. ലിജു, സതീശന്‍ പാച്ചേനി എന്നിവരുമായാണ് രാഹുല്‍ ഗാന്ധി നേരത്തെ സംസാരിച്ചത്.

കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ദേശീയ സംഘടന കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമവും എ.ഐ.സി.സി. നടത്തുന്നുണ്ട്. ഈ രണ്ട് മേഖലകളിലും കോണ്‍ഗ്രസിന് ദേശീയതലത്തില്‍ സംഘടനയില്ല. ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ചുമതലയിലേക്കായിരിക്കും പ്രതാപനെ കൊണ്ടുവരിക.