ന്യൂഡല്‍ഹി: മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം പൂര്‍ത്തിയായി. സര്‍ക്കാറിന്റെ വാദത്തിന് ബാറുടമകളുടെ അഭിഭാഷകന്റെ മറുപടി ചൊവ്വാഴ്ച തുടങ്ങി. അതേസമയം, മദ്യനയം രൂപവത്കരിച്ചതിന്റെ ചരിത്രം പരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, എസ്.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഘട്ടംഘട്ടമായാണ് ലൈസന്‍സുകള്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. നേരത്തെ ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ട് മാത്രം പുതുക്കാന്‍ അവകാശമുണ്ടെന്ന് പറയാനാവില്ല. പൊതുസ്ഥലത്ത് മദ്യപിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബുധനാഴ്ചയും വാദം തുടരും.

അബ്കാരി ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയില്‍ കോടതി ഇടപെടരുതെന്ന് കേസില്‍ കക്ഷി ചേര്‍ത്ത ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. എല്ലാ നയങ്ങളും രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമാണെന്ന് പ്രതാപനുവേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജും അഡ്വ. എം.എസ്. സുവിദത്തും കോടതിയില്‍ വാദിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് സര്‍ക്കാറിന്റെ മദ്യനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ സന്നദ്ധസംഘടനയായ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ മദ്യനയത്തിന്റെ വിജയമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കാളീശ്വരം രാജ് വ്യക്തമാക്കി. പുതിയ നയം നടപ്പാക്കിയ ശേഷം കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ബാറുകള്‍ ഉണ്ടെങ്കില്‍ മാത്രമെ, സ്റ്റാര്‍ പദവി ലഭിക്കൂവെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും ശരിയല്ല. ടൂറിസം മന്ത്രാലയത്തിന്റെ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം സ്റ്റാര്‍ പദവിക്ക് ബാര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കുന്ന രേഖയും കാളീശ്വരം രാജ് ഹാജരാക്കി. മദ്യ ഉപയോഗം നിയന്ത്രിക്കാന്‍ ആധാര്‍കാര്‍ഡ് ഉപയോഗിക്കണമെന്ന് ഹര്‍ജിക്കാരായ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷനുവേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു നിര്‍ദേശിച്ചു. എന്നാല്‍, ഈ നിര്‍ദേശം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ വാദിച്ചു. ഫൈവ് സ്റ്റാര്‍ ടൂറിസ്റ്റുകള്‍ മാത്രം മതിയെന്ന സര്‍ക്കാര്‍ നയം വിവേചനപരമാണെന്ന് ബാറുടമകള്‍ക്കുവേണ്ടി ഹാജരായ അരയാമ സുന്ദരം വ്യക്തമാക്കി. ലൈസന്‍സ് നല്‍കാനുള്ള അബ്കാരി നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം ചിലകാര്യങ്ങളില്‍ മാത്രം ബാധകമാണെന്ന് പറയാനാവില്ലെന്നും ബാറുടമകള്‍ പറഞ്ഞു.