നെടുമ്പാശേരി: ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിന് കെ.ജി.എസ്. ഗ്രൂപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതികാനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ കെ.ജി.എസ്. ഗ്രൂപ്പ് അപേക്ഷ നല്‍കിയാലും പരിഗണിക്കാനാവില്ല. യു.പി.എ. സര്‍ക്കാറാണ് നേരത്തെ പാരിസ്ഥിതിഘാത പഠനത്തിന് അനുമതി നല്‍കിയത്.

ഈ അനുമതി റദ്ദാക്കിയത് ഈ സര്‍ക്കാറാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടും. സംസ്ഥാനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിശദമായി കേള്‍ക്കും.
മൂന്ന് സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ അഭിപ്രായങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊച്ചി വിമാനത്താവളത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിക്ക് സ്വീകരണം നല്‍കി.