കാസര്‍കോട്: മീനാകുമാരി കമ്മീഷന്റെ പേരില്‍ കള്ളപ്രചാരണമാണ് നടക്കുന്നതെന്നും രാജ്യത്തിന്റെ കടല്‍തീരം വിദേശകപ്പലുകള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ തീറെഴുതില്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് കസബ കടപ്പുറത്ത് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന തീരദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനാകുമാരി കമ്മീഷന്റെ പേരില്‍ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നാരോപിച്ചാണ് തീരദേശയാത്ര.

കടല്‍ മത്സ്യത്തൊഴിലാളികളുടെ അവകാശമാണ്. അതില്‍ കടന്ന് കയറാന്‍ ആരെയും അനുവദിക്കില്ല. വിദേശകപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല, ഇനി നല്‍കുകയുമില്ല. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ബി.ജെ.പി. സര്‍ക്കാറിന്റെ കാലത്താണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു എന്ന അര്‍ഥത്തിലാണ് ചിലര്‍ ഇതിന് മുമ്പ് തീരദേശയാത്ര നടത്തിയത്. തീരദേശമേഖലയില്‍ അശാന്തിയുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം നോക്കാതെ മുതലക്കണ്ണീരൊഴുക്കുന്നവരാണിവര്‍.

രണ്ടുമാസത്തേക്ക് മത്സ്യബന്ധനം നിരോധിക്കുന്നു എന്നത് സംസ്ഥാനങ്ങളുടെ തീരപ്രദേശത്തിന് ബാധകമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രിക്കയച്ച കത്തില്‍ തനിക്ക് മറുപടി ലഭിച്ചതായി വി.മുരളീധരന്‍ പറഞ്ഞു. തീരപ്രദേശത്ത് നിന്നുള്ള 12 നോട്ടിക്കല്‍ മൈലില്‍ നിരോധനം ബാധകമല്ല. അതിന് ശേഷമുള്ള 200 നോട്ടിക്കല്‍ മൈലിലാണ് നിരോധനം. ഇത് കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലുള്ളതാണ്. മാര്‍ച്ച് 18ന് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതില്‍ കേരള ഫിഷറീസ് മന്ത്രി കെ.ബാബുവും പങ്കെടുത്തിട്ടുണ്ട്. മത്സ്യബന്ധന നിരോധനം കേരളതീരത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബാബു അറിയിച്ചതായുള്ള വാര്‍ത്ത തെറ്റിധാരണാജനകമാണ്. കേരളത്തിന്റെ അധികാരപരിധിയില്‍ നിരോധനം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അവശ്യപ്പെട്ടിട്ടില്ല. മത്സ്യബന്ധന നിരോധനം രാജ്യത്തിന്റെ പലഭാഗത്തും കാലങ്ങളായി നടപ്പാക്കുന്നുണ്ട്. ഇതിന് ഒരു ഏകീകൃതസ്വഭാവം കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജാഥ നയിക്കുന്ന മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന് വി.മുരളീധരന്‍ പതാക കൈമാറി. സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.രാജനീഷ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍.പി.പവിത്രന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി, സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ബന്തോടി ഐത്താര്‍, സുനില്‍ മാഹി തുടങ്ങിയവര്‍ സംസാരിച്ചു.
.