സുനിൽ ബാബു
കൊച്ചി: സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു.
മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു.
കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി. മൃതദേഹം അമൃത ആശുപത്രി മോർച്ചറിയിൽ.
Content Highlights: Art Director Sunil Babu Passed Away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..