ജവഹർ, സഫൽ എന്നിവർ
കൊച്ചി: ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇവർ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുപ്പത്തടത്തുനിന്ന് പിടിയിലായത്.
കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജവഹര്‍ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ഭര്‍തൃമാതാവ് സുബൈദ, രണ്ട് സഹോദരിമാര്‍, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും യുവതിയെ മര്‍ദിച്ചതിനും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ജവഹറിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയും ജവഹറും വിവാഹിതരായത്. ഇതിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ജവഹര്‍ നിരന്തരം മര്‍ദിച്ചിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഗര്‍ഭിണിയായ ശേഷവും മര്‍ദനം തുടര്‍ന്നു. കഴിഞ്ഞദിവസം യുവതിയെ മതിലില്‍ ചാരിനിര്‍ത്തി ചവിട്ടിയെന്നും ഇത് തടയാന്‍ ശ്രമിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ ആലുവ വെസ്റ്റ് ഇന്‍സ്പെക്ടര്‍ എം.ആര്. മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ജി. അജയകുമാര്‍, എ.എസ്.ഐ മാരായ സി.കെ.രാമചന്ദ്രന്, ഇ.ടി. ജയകൃഷ്ണന്, എസ്.സി.പി.ഒ എം. സജിത്ത്, സി.പി.ഒ മാരായ നൗഫല്‍, മുരുകേശന്, ഡബ്ല്യു.എസ്സ്.സി.പി.ഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: arrest on domestic violence case at aluva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..