തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കി ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കാനും സർക്കാരിനുണ്ടായ തിരിച്ചടികളിൽനിന്ന് രക്ഷപ്പെടാനുമാണ് ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരിനുണ്ടാകുന്ന തിരിച്ചടികളിൽനിന്ന് ഒളിച്ചോടാനുള്ള അവസരമൊരുക്കാനുള്ള അറസ്റ്റാണ് ഇത്. ഇതുകൊണ്ടൊന്നും ഈ സർക്കാരിന്റെ ഗുരുതരമായ കുറ്റങ്ങൾ ഒളിച്ചുവെക്കാൻ സാധിക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ എഴുപത് ശതമാനം നിർമാണം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നത്. ഈ സർക്കാർ വന്നിട്ട് 30 ശതമാനം നിർമാണം നടത്തി. പാലത്തിന്റെ ഉദ്ഘാടന സമയത്ത് സർക്കാരിന്റെ ഭരണനേട്ടമായാണ് പാലം നിർമാണത്തെക്കുറിച്ച് പറഞ്ഞത്. ഈ സർക്കാരിന്റെ കാലത്ത് നടന്ന 30 ശതമാനം നിർമാണപ്രവൃത്തികളിലെ അപാകതകൾക്ക് ആര് മറുപടി പറയും? പാലത്തിന്റെ മുകളിലെ ടാറിങ് ഇളകിയെന്നതാണ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആദ്യത്തെ പരാതി. ആ നിർമാണ പ്രവൃത്തി നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. അതിന്റെ ഉത്തരവാദി ഇബ്രാഹിം കുഞ്ഞാണോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തു എന്നതാണ് ഇബ്രാഹിം കുഞ്ഞിന്റെ പേരിലുള്ള പരാതി. കരാറിന്റെ കാര്യത്തിലോ തുകയുടെ കാര്യത്തിലോ ഏതെങ്കിലും ഇടപെടൽ നടത്തിയെന്നോ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നോ ഉള്ള പരാതി അദ്ദേഹത്തിനെതിരെയില്ല. മൊബിലൈസേഷൻ അഡ്വാൻസിന്റെ പലിശ സഹിതം സർക്കാരിന് തിരിച്ചുകിട്ടിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വീഴ്ച വരുത്തിയ കമ്പനിയാണെങ്കിൽ ബ്ലാക് ലിസ്റ്റിൽ പെടുത്താതെ ഈ കമ്പനിക്ക് തുടർന്നും കരാർ നൽകുന്നതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. തിരുവനന്തപുരം ജില്ലയിൽ ആയിരം കോടി രൂപയുടെ നിർമാണ കരാറാണ് ആർഡിഎസ് കമ്പനിക്ക് നൽകിയിരിക്കുന്നത്.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പരിശോധിച്ച ചെന്നൈ ഐഐടി പറഞ്ഞ പ്രകാരം പരിശോധന നടത്താൻ സർക്കാർ തയ്യാറായില്ല. ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കി ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ജനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Content Highlights:arrest of Ibrahim Kunju to escape the setbacks of the government - Oommen Chandy