മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനരികിലേക്ക് രക്ഷാപ്രവർത്തകനെത്തിയപ്പോൾ, ഇൻസൈറ്റിൽ മാതൃഭൂമി അന്നേ ദിവസം പ്രസിദ്ധീകരിച്ച പത്രവാർത്ത
പാലക്കാട്: കേരളം ആകാംക്ഷയോടെ നിന്നുകണ്ട രക്ഷാദൗത്യത്തിന് കാരണമായ 'കൂര്‍മ്പാച്ചിമലകയറ്റ'ത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. മലമ്പുഴയിലെ കൂര്‍മ്പാച്ചിമലയിലെ പാറയിടുക്കില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനാണ് ബാബു എന്ന യുവാവ് കുടുങ്ങിയത്. 45 മണിക്കൂറാണ് കുടിവെള്ളംപോലുമില്ലാതെ ബാബു മലമുകളിലിരുന്നത്.
ഇന്ത്യന്‍ കരസേന, ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഫെബ്രുവരി ഒൻപതിനാണ്. അതിക്ലേശകരമായ രക്ഷാദൗത്യത്തില്‍, കരസേനയുടെ സഹായത്തോടെ വിജയിച്ചെങ്കിലും ഒരു ദുരന്തമുണ്ടായാല്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനംനടത്താന്‍ സജ്ജമായൊരു സംവിധാനമില്ലെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അന്നത്തേത്. ഈ 'മലകയറ്റത്തില്‍'നിന്ന് ഒരുവര്‍ഷത്തിനിടെ നാം പഠിച്ച പാഠമെന്തെന്ന ചോദ്യത്തിന് ഉത്തരംതേടുകയാണ് 'മാതൃഭൂമി'. ഒരാണ്ടിനിപ്പുറം കേരളത്തിനും രക്ഷാപ്രവര്‍ത്തനത്തിനു പ്രത്യേക ദൗത്യസേന സജ്ജമായി എന്നത് അഭിമാനവും ആശ്വാസവുമാണ്. ഇനിയും മുന്നോട്ടുപോവാന്‍ ദൂരമുണ്ടെന്ന ഓര്‍മപ്പെടുത്തലും സംസ്ഥാനത്തിനു മുന്നിലുണ്ട്.
പരിമിതിയറിഞ്ഞു, തിരുത്തിത്തുടങ്ങി
: ബാബുവിന്റെ മലകയറ്റത്തിനും രക്ഷാദൗത്യത്തിനും ഒരാണ്ട് തികയുമ്പോള്‍ ആദ്യം ഓർമയിലെത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളാണ്. നാടും ഭരണകൂടവും ഒറ്റക്കൈയായി നിന്നെങ്കിലും സംസ്ഥാനത്തിന്റെ പരിമിതി തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാഭരണകൂടവും പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങളാകെയും ഉണര്‍ന്നുപ്രവര്‍ത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാ ദൗത്യങ്ങളും പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ കരസേനയുടെ സഹായംതേടിയത്.
മലയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍വേണ്ട സജ്ജീകരണങ്ങളും പരിശീലനവും ദുരന്തനിവാരണസേനയ്ക്ക് ഇല്ലാതിരുന്നത് തിരിച്ചടിയായി. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും സമാന അവസ്ഥയിലായിരുന്നു.
.jpg?$p=06a13c2&&q=0.8)
മൊബൈല്‍ഫോണുകള്‍ക്ക് ടവറില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍പോലും കഴിയാതായി. വയര്‍ലെസ് മാത്രമായി ആശ്രയം. ദൗത്യസംഘത്തെയും രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരെയും പരസ്പരം ബന്ധിപ്പിക്കാന്‍ ഹാംറേഡിയോയുടെ സഹായവും വേണ്ടിവന്നു.
പറഞ്ഞു, പക്ഷേ ചെയ്തില്ല
ജില്ലയിലെ അപകടമേഖലകള്‍ കണ്ടെത്തി മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാസംവിധാനങ്ങളും ഒരുക്കുമെന്ന് അന്ന് ജില്ലാഭരണകൂടം പറഞ്ഞിരുന്നു. എന്നിട്ടും ജില്ലയിലെ ഡാമുകളിലും സീതാര്‍കുണ്ഡ് വെള്ളച്ചാട്ടം പരിസരങ്ങളിലും വീണ്ടും അപകടമരണങ്ങളുണ്ടായി. വന്യമൃഗങ്ങളടക്കം വിലസുന്ന മലയോരമേഖലകളിലേക്ക് ആളുകള്‍ കയറുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ പരിശോധന കാര്യക്ഷമമല്ല. ഇത്തരം മേഖലകളില്‍ നിരീക്ഷണ ക്യാമറകളും സൂചനാബോര്‍ഡുകളും സ്ഥാപിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും പലയിടത്തും നടപ്പായിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ കുറവും ജില്ലയിലുണ്ട്. അഗ്‌നിരക്ഷാസേനയ്ക്കുകീഴിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനുകീഴില്‍ കുറച്ച് ഉപകരണങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും ജില്ലയില്‍ ഒരേസമയം ഒന്നില്‍ക്കൂടുതല്‍ അപകടമുണ്ടായാല്‍ ഇവ മതിയാവില്ല. കൂര്‍മ്പാച്ചിയിലടക്കം മലയോരപ്രദേശങ്ങളില്‍ മൊബൈല്‍ഫോണ്‍ ടവറുകള്‍ ലഭ്യമാക്കാനും നടപടിയായിട്ടില്ല.
പരിഗണക്കണം, ഈ ആവശ്യങ്ങള്‍
അപകടമുണ്ടായാല്‍ നാട്ടുകാര്‍ ആദ്യം വിളിക്കുന്നത് അഗ്നിരക്ഷാസേനയെയാണ്. ഇവര്‍ക്ക് പരിമിതികളേറെയാണ്.
.jpg?$p=e72b065&&q=0.8)
- ജില്ലയിലെ ആറ് അഗ്നിരക്ഷാസേനാ കേന്ദ്രങ്ങളിലെ ജലരക്ഷാ പ്രവര്ത്തിനുപയോഗിക്കുന്ന റബ്ബര്‍ ഡിങ്കി രണ്ടിടത്തേ ഉള്ളൂ. ബാക്കിയുള്ള നാലു കേന്ദ്രങ്ങളില്‍ക്കൂടി ഇവ ലഭ്യമാക്കണം.
- അഗ്നിരക്ഷാസേനയ്ക്ക് രക്ഷാപ്രവര്‍ത്തനസമയത്ത് ആശയവിനിമയം നടത്താനാവശ്യമായ വയര്‍ലെസ് സംവിധാനമില്ല. പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ മാത്രമാണ് വയര്‍ലെസുള്ളത്. അതുതന്നെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് ആശയവിനിമയം നടത്താനാവുക.
- സ്കൂബ അംഗങ്ങള്‍ക്കായി ജലത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്യാമറ നിലവില്‍ ലഭ്യമായിട്ടില്ല.
- ജില്ലയിലേക്ക് നിരീക്ഷണത്തിനായി ഡ്രോണ്‍ ലഭ്യമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
- 50 മീറ്ററില്‍ക്കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ വേഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ ടൈംടേബിള്‍ ലാഡര്‍, ഏരിയല്‍ പ്‌ളാറ്റ്‌ഫോംസ് സൗകര്യങ്ങളുള്ള വാഹനങ്ങള്‍ ലഭ്യമാക്കണം.
- അപകടസ്ഥലങ്ങളിലേക്ക് പായുന്ന അഗ്‌നിരക്ഷാസേനയുടെ പത്തിലധികം വാഹനങ്ങള്‍ 15 വര്‍ഷത്തില്‍ക്കൂടുതല്‍ ഓടിയവയാണ്.
- ഒറ്റപ്പാലം, അട്ടപ്പാടി ഭാഗങ്ങളില്‍ ഇപ്പോഴും സ്ഥലം അനുവദിക്കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അഗ്‌നിരക്ഷാസേനാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കുന്നുണ്ട്.
- പുതുതായി സ്ഥാപിച്ച കൊല്ലങ്കോട്, പട്ടാമ്പി, കോങ്ങാട് അഗ്‌നിരക്ഷാസേനാകേന്ദ്രങ്ങളിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണം.
- അഗ്നിരക്ഷാകേന്ദ്രങ്ങളില്‍ നിലവില്‍ ഡ്രൈവര്‍മാരുടെ 18 തസ്തികകള്‍ ഒഴിഞ്ഞുകിടക്കയാണ്. ഇവിടങ്ങളില്‍ ഡ്രൈവര്‍മാരെ നിയോഗിക്കണം.
- തീപ്പിടിത്തമുണ്ടാകുമ്പോള്‍ വെള്ളമെടുക്കാന്‍ അഗ്‌നിരക്ഷാസേനയ്ക്ക് മതിയായ ഹൈഡ്രന്റുകളില്ല. 11,250 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനാവുന്ന ഒരു വലിയ വാഹനം മാത്രമാണുള്ളത്. ഈ വാഹനങ്ങളുടെ എണ്ണവും കൂട്ടണം.
: കൂർമ്പാച്ചിമലയില്‍ അതിക്രമിച്ചുകയറിയെന്ന കേസില്‍ ആര്‍. ബാബുവിനെതിരായ കേസില്‍ തുടര്‍നടപടി വിദഗ്‌ധോപദേശത്തിനുശേഷമെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡി.എഫ്.ഒ.). സംഭവത്തിനുശേഷം ബാബുവിനെതിരേ വാളയാര്‍ റെയ്ഞ്ച് ഓഫീസർ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിഴത്തുക സംബന്ധിച്ച് ഇതുവരെ ഡി.എഫ്.ഒ. നിര്‍ദേശം നല്‍കിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് 60 ലക്ഷംരൂപ സര്‍ക്കാരിന് ചെലവായെന്നാണ് കണക്ക്. എത്രരൂപ പിഴയീടാക്കണമെന്നതില്‍ വിദഗ്‌ധോപദേശം ലഭിക്കേണ്ടതുണ്ടെന്നും അതിന്റെ നടപടി നടന്നുവരികയാണെന്നും ഡി.എഫ്.ഒ. പറഞ്ഞു.
മാനുഷികപരിഗണനനല്‍കി ബാബുവിനെതിരേ കേസെടുക്കില്ലെന്നാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യം പറഞ്ഞത്. നിയമപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പിന്നീട് നിലപാട് തിരുത്തി. ഇതോടെയാണ് വനസംരക്ഷണ നിയമപ്രകാരം (കേരള ഫോറസ്റ്റ് ആക്ട് 27) കേസെടുത്തത്. ആറുമാസം തടവോ 25,000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബാബുവിനൊപ്പം മലകയറിയ മൂന്നുപേര്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.
ബാബുവിന്റെ വീഴ്ചയും 45 മണിക്കൂര്‍നീണ്ട രക്ഷാദൗത്യവും...
.jpg?$p=66627bc&&q=0.8)
ഹെലിക്കോപ്റ്റർ | ഫോട്ടോ: മാതൃഭൂമി
2022 ഫെബ്രുവരി ഏഴ്: കയറ്റവും കുടുക്കവും: രാവിലെ 10 മണിയോടെ ബാബുവും മൂന്ന് സുഹൃത്തുക്കളും മലമ്പുഴ ചെറാട് കൂര്‍മ്പാച്ചിമല കയറുന്നു. സുഹൃത്തുക്കള്‍ ക്ഷീണിച്ച് പകുതിയില്‍ തിരിച്ചിറങ്ങി. ബാബു മലകയറ്റം തുടര്‍ന്നു. ഉച്ചയോടെ തിരിച്ചിറങ്ങാന്‍ ശ്രമിച്ചു. കാല്‍വഴുതി 400 മീറ്ററോളം താഴേക്കുവീണു. മലയില്‍ക്കുടുങ്ങിയ വിവരം ബാബുതന്നെ മൊബൈല്‍ഫോണില്‍ സുഹൃത്തുക്കളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. വൈകീട്ട് ആറുമണിയോടെ അഗ്‌നിരക്ഷാസേനയും പോലീസും വനം-റവന്യൂ വകുപ്പുമെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫെബ്രുവരി എട്ട്: ഹെലിക്കോപ്റ്റര്‍ വന്നിട്ടും നിരാശ: രാവിലെത്തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനയുടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫലംകണ്ടില്ല. ഉച്ചയ്ക്ക് മൂന്നുമണിയോടെ കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര് എത്തി ബാബു കുടുങ്ങിയയിടം കണ്ടെത്തി. ശക്തമായ കാറ്റുള്ളതിനാലും നിലയുറപ്പിക്കാന്‍ കഴിയാത്തതിനാലും ഹെലിക്കോപ്റ്റര്‍ മടങ്ങി. ഡ്രോണ്‍ ഉപയോഗിച്ച് മലമുകളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മുഖ്യമന്ത്രി കരസേനയുടെ സഹായം തേടി. രാത്രി 11 മണിയോടെ ബെംഗളൂരു, ഊട്ടി വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുസംഘങ്ങളായി കരസേനയെത്തി.
ഫെബ്രുവരി ഒമ്പത്: കരസേനയുടെ കൈപിടിച്ച്: പുലര്‍ച്ചെ 2.30-ഓടെ മലമുകളിലെത്തിയ കരസേന ബാബുവുമായി സംസാരിച്ചു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. രാവിലെ ഏഴുമണിയോടെ വടംകെട്ടിയിറങ്ങി, കരസേനാംഗങ്ങള്‍ ബാബുവിനടുത്തെത്തി. സുരക്ഷാജാക്കറ്റ് ധരിപ്പിച്ച് ദൗത്യസംഘം ബാബുവിനെ താങ്ങിയെടുത്ത് മുകളിലേക്ക്. 10.20-ഓടെ അവശനിലയില്‍ ബാബു മലമുകളിലെത്തി. സൂലൂര്‍ വ്യോമത്താവളത്തില്‍നിന്നെത്തിച്ച ഹെലിക്കോപ്റ്ററില്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക്.
എല്ലാ മലകളും കയറണ്ട; കോടതി കയറേണ്ടിവരും
: കാടും കാട്ടരുവിയും വെള്ളച്ചാട്ടവുമെല്ലാമടങ്ങുന്ന സുന്ദരക്കാഴ്ചകള്‍ കാണാന്‍ മലമുകളിലേക്ക് ട്രക്കിങ് നടത്തുന്നവര്‍ കുറവല്ല. മലയിലേക്കുള്ള ഈ സാഹസികയാത്രയ്ക്ക് പക്ഷേ, എല്ലായിടത്തും വനംവകുപ്പിന്റെ അനുമതിയില്ല. ധോണി, മീന്‍വല്ലം, അനങ്ങന്‍മല എന്നിവിടങ്ങളിലാണ് ജില്ലയില്‍ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്താനാവുക.
ധോണിയില്‍ നാലുകിലോമീറ്റര്‍ ട്രക്കിങ് നടത്താം. മീന്‍വല്ലത്ത് രണ്ടുകിലോമീറ്ററും അനങ്ങന്‍മലയില്‍ മലകയറ്റവും വനംവകുപ്പിലെ ഗൈഡിന്റെ സഹായത്തോടെ നടത്താം. നെല്ലിയാമ്പതിയിലെ മിന്നാംപാറ, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളില്‍ ഉള്‍വനത്തിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ജീപ്പ് സഫാരിയും നടത്താം. ഇതിനപ്പുറം സഞ്ചരിക്കാന്‍ശ്രമിച്ചാല്‍ വനംവകുപ്പിന്റെ പിടിവീഴും.
നിയമം ലംഘിച്ചാല്‍ തടവും പിഴയും
:വനമേഖലയിലെ ജൈവവൈവിധ്യം അടുത്തറിയാനും പഠനത്തിനുമാണ് വനംവകുപ്പ് ട്രക്കിങ് സൗകര്യമൊരുക്കുന്നത്. വനമേഖലയില്‍ കൂടുതല്‍ ഉള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചാലും പ്രകൃതിവിഭവങ്ങള്‍ക്ക് നാശംവരുത്തിയാലും കേസ് രജിസ്റ്റര്‍ചെയ്യും. ഒരുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
മലകയറി വിയര്‍ത്തവര്‍
ബാബുവിനുപിന്നാലെ കൂര്‍മ്പാച്ചിമല കയറാന്‍വന്ന ഒരു യൂട്യൂബര്‍ പിടിയിലാവുകയുണ്ടായി. ഇയാളില്‍നിന്ന് 15,000 രൂപ പിഴയീടാക്കി. അകത്തേത്തറ മേഖലയില്‍നിന്ന് മലകയറാന്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ എത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ വെറുതെവിട്ടു.
ജില്ലയിലെ വനമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചതുമായി ബന്ധപ്പെട്ട്, 2020-22 കാലയളവില്‍ 11 കേസുകള്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് ഡിവിഷനില്‍ വാളയാര്‍ വനമേഖലയിലും നെന്മാറ വനം ഡിവിഷനില്‍ നെല്ലിയാമ്പതി വനമേഖലയിലും മണ്ണാര്‍ക്കാട് ഡിവിഷനില്‍ അഗളി, അട്ടപ്പാടി മേഖലകളിലുമാണ് കേസുകളെടുത്തിരുന്നത്. 'ബാബുവിഷയ'ത്തെത്തുടര്‍ന്ന് വനംവകുപ്പ് നിയന്ത്രണം കടുപ്പിച്ചതോടെ ഒരുവര്‍ഷത്തിനിടെ അനധികൃത ട്രക്കിങ് സംബന്ധിച്ച് ഒരുകേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: Army team rescued trapped Kerala trekker R Babu kurumbachi mala incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..