ലുധിയാനയിലെ റാലിയിൽനിന്ന്
തിരുവനന്തപുരം: കോവിഡ് മുടക്കിയ സൈനിക റിക്രൂട്ട്‌മെന്റ് റാലികൾ രാജ്യത്ത് പുനരാരംഭിച്ചു. കേരളത്തിൽ മാറ്റിവെച്ച ആദ്യറാലി തിരുവനന്തപുരത്തുതന്നെ നടത്താൻ സർക്കാരിന്റെ അനുമതി കാത്തിരിക്കയാണ് റിക്രൂട്ട്‌മെന്റ് വിഭാഗം. മാർച്ച് 31-നകം നടന്നില്ലെങ്കിൽ ഇക്കൊല്ലത്തെ അവസരം നഷ്ടമാകും.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ ജനുവരി 11 മുതൽ 21 വരെ റാലിക്ക് ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കാൻ ചീഫ് സെക്രട്ടറിതല ചർച്ചയിൽ തീരുമാനമായിരുന്നു. ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ റാലി നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോവിഡ് വ്യാപനം വീണ്ടും കടുത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ചിരിക്കെ റാലിക്ക് അനുമതിയിൽ തീരുമാനം വൈകുമോയെന്ന ആശങ്കയുണ്ട്.
കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിൽ ഇക്കൊല്ലത്തെ ആദ്യറാലി ലുധിയാനയിൽ ഡിസംബർ മൂന്നാംവാരം പൂർത്തിയായിരുന്നു. നിയന്ത്രണങ്ങളോടെ പഞ്ചാബിലെ ലുധിയാന റിക്രൂട്ട്‌മെന്റ് ഓഫീസിനുകീഴിൽ കൊല്ലം കരിങ്ങന്നൂർ സ്വദേശിയായ റിക്രൂട്ടിങ് ഓഫീസർ കേണൽ എൻ.സജീവ് ആദ്യറാലിക്ക് നേതൃത്വംനൽകി. ഏപ്രിലിൽ ആരംഭിക്കേണ്ടിയിരുന്ന എല്ലാ റാലികളും മാർച്ച് 31-നകം പൂർത്തിയാക്കാനാണ് നിർദേശം.
മാർഗനിർദേശങ്ങൾഉണ്ടാകും
റാലിക്കെത്തുന്നവർക്ക് മാർഗനിർദേശങ്ങളുണ്ടാകും. ഒന്നിച്ചെത്തി ആൾക്കൂട്ടം ഉണ്ടാകാത്തവിധമായിരിക്കും ക്രമീകരണം. മാസ്കും ചെറിയ കുപ്പി സാനിറ്റൈസറും നിർബന്ധം, കൈയുറ ധരിക്കണം, രക്ഷിതാക്കളോ കൂട്ടുകാരോ ബന്ധുക്കളോ ഒപ്പം വരരുത്, കോവിഡില്ലെന്നതിന് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കരുതണം തുടങ്ങിയ നിർദേശങ്ങൾ നേരത്തേ നൽകിയിരുന്നു.
സംസ്ഥാനസർക്കാർ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയാൽ ഉദ്യോഗാർഥികൾ അതു പാലിക്കേണ്ടിവരും.
Content Highlights: Army Recruitment Rally Thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..