ഹെലികോപ്റ്റര്‍ തകര്‍ന്നത് സ്ഥലപരിശോധന പറക്കലിനിടെ; അശ്വിന്റെ മടക്കം ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച്


അശ്വിൻ സൈനിക വേഷത്തിൽ,വിക്ടർ കിഴക്കേമുറിയുടെ കബഡി ടീം വിജയകിരിടമണിഞ്ഞപ്പോൾ ട്രോഫിയുമായി അശ്വിൻ

ചെറുവത്തൂര്‍: ഓണത്തിന് മുന്‍പ് അവധിയില്‍ നാട്ടിലെത്തി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം സന്തോഷം പങ്കിട്ട് തിരിച്ചുപോയ യുവസൈനികന്‍ കെ.വി. അശ്വിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്നറിഞ്ഞ് പകച്ചുനില്‍ക്കുകയാണ് കിഴക്കേമുറി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ചെറുവത്തൂര്‍ കിഴക്കേമുറിയിലെ എം.കെ. അശോകന്റെ ഫോണിലേക്ക് ഹെലികോപ്റ്റര്‍ ദുരന്തവാര്‍ത്ത സൈനികകേന്ദ്രത്തില്‍നിന്നുമെത്തിയത്.

തൊട്ടടുത്തുള്ള വിമുക്തഭടനെ വിവരമറിയിച്ച് അപകടത്തെക്കുറിച്ച് വ്യക്തതവരുത്തി. മകന്റെ വിയോഗവിവരം നേരിട്ടറിയേണ്ടിവന്ന അശോകന് പിടിച്ചുനില്‍ക്കാനായില്ല. വിവരമറിഞ്ഞ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിമുക്തഭടന്മാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ചെറുവത്തൂര്‍ കിഴക്കെമുറിയിലെ അശ്വിന്റെ വീട്ടിലെത്തിയത്. മകന്റെ വേര്‍പാടില്‍ വിതുമ്പുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ് എല്ലാവരും.വീടിനരികില്‍ അന്ത്യവിശ്രമത്തിന് ഒരുക്കം

കെ.വി. അശ്വിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് നാട്ടിലെത്തിക്കുമെന്നണ് പ്രതീക്ഷ. ദിബ്രുഢിലെ അസം മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച ഉച്ചയോടെ മൃതദേഹ പരിശോധന നടത്തി. സൈനിക നടപടികള്‍ക്കുശേഷം ബെംഗളൂരു വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ശേഷം റോഡുവഴി നാട്ടിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. അശ്വിന്റെ വിടിനോട് ചേര്‍ന്ന സ്ഥലത്ത് സംസ്‌കാരച്ചടങ്ങുകള്‍ നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് സൗകര്യമൊരുക്കിയത്.

കരിനിഴല്‍ വീഴ്ത്തിയ ദുരന്തം

സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്ന കുടുംബത്തിന്റെ പ്രത്യാശയ്ക്കുമേലാണ് ഹെലികോപ്റ്റര്‍ ദുരന്തം കരിനിഴല്‍ വീഴ്ത്തിയത്. 10 വര്‍ഷം മുന്‍പ് പിതാവ് എം.കെ. അശോകന്‍ മടക്കരയില്‍ തുടങ്ങിയ ബേക്കറി വിജയം കണ്ടില്ല. സാമ്പത്തിക ബാധ്യതയായിരുന്നു മിച്ചം. പിന്നീട് നിര്‍മാണത്തൊഴില്‍ മേഖലയില്‍ പണിയെടുത്തും അമ്മ കൗസല്യ സ്വകാര്യ ബിഡിതെറുത്തും കുടുംബം മുന്നോട്ടുകൊണ്ടുപോയി.

അച്ചാംതുരുത്തി എ.യു.പി. സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും തുടര്‍ന്ന് കാടങ്കോട് ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.എല്‍.സി.യും പ്ലസ്ടുവും പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസും പ്ലസ്ടുവിന് മികച്ച വിജയവും നേടി. വീട്ടിലെ പ്രയാസം കണ്ടുവളര്‍ന്ന അശ്വിന്‍ പഠനവേളയില്‍ നാടന്‍പണിക്കു പോയി. കലാകായികരംഗത്തും ശോഭിച്ചു. വിക്ടര്‍ കിഴക്കേമുറിയുടെ കബഡി ടീം അംഗമായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ ബി.എസ്സി. പഠനത്തിനിടെയാണ് സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കരസേന ഏവിയേഷന്‍ വിഭാഗത്തില്‍ കോപ്റ്റര്‍ എന്‍ജിന്‍ മെക്കാനിക്കായിരുന്നു അശ്വിന്‍. പരിശീലനത്തിനുള്ള സ്ഥലപരിശോധന പറക്കലിനിടയിലാണ് ഹോലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് വിവരം.

മടക്കം ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച്

അവധിക്ക് നാട്ടിലെത്തിയ അശ്വിന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം മനസ്സില്‍ കാത്തുവെക്കാന്‍ ഒത്തിരി നല്ല ഓര്‍മകള്‍ സമ്മാനിച്ചാണ് ഇത്തവണ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. അത് അവസാനത്തെ യാത്രയാണെന്ന് ആരും കുരുതിയില്ല.

ഓണത്തിന് മുന്‍പ് നാട്ടിലെത്തിയ അശ്വിന്‍ കൂട്ടുകാര്‍ക്കൊപ്പം കൂര്‍ഗ്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി അവധിക്കാലം ആഘോഷമാക്കി. വിക്ടര്‍ കിഴക്കേമുറി സംഘടിപ്പിച്ച ഒണാഘോഷ പരിപാടികളില്‍ നിറഞ്ഞുനിന്നു. പുഴയിലെ ഓണത്തല്ലില്‍ പങ്കെടുത്ത് ആവേശം വിതറി. അമ്മ കൗസല്യയ്ക്കും സഹോദരിമാരായ അശ്വതിക്കും അനശ്വരയ്ക്കുമൊപ്പം വേദിയിലെത്തി നാടന്‍പാട്ട് മത്സരത്തിലും തന്റെയും കുടുംബത്തിന്റെയും കഴിവും പ്രകടമാക്കി. വേര്‍പാടിന് ഒരുമാസം മുന്‍പ് നാടിനും നാട്ടുകാര്‍ക്കും സമ്മാനിച്ച നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്ത് കണ്ണീര്‍ പൊഴിക്കുകയാണ് കിഴക്കെമുറിയിലും സമീപപ്രദേശങ്ങളിലുമുള്ളവര്‍.

Content Highlights: army helicopter accident, malayali soldier died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented