അർജുന്റെ മൃതദേഹത്തിനരികിൽ അമ്മ ഭാമ, ഇൻസൈറ്റിൽ അർജുൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ടുണീഷ്യയില്‍ കടലില്‍വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ കപ്പല്‍ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മാമം പൂരം വീട്ടില്‍ രവീന്ദ്രന്-ഭാമ ദമ്പതിമാരുടെ മകന് അര്ജുന് രവീന്ദ്രനാ(27)ണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ തിങ്കളാഴ്ച വീണ്ടും മൃതദേഹപരിശോധന നടത്തി. ഡി.എന്‍.എ. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് 4.45നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേരെത്തിയിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അര്ജുന് വീട്ടില്‍നിന്നു പോയത്. മാര്‍ച്ച് 17-ന് മുംെബെയില്‍നിന്നു തുര്ക്കിയിലേക്കുപോയി കപ്പലില്‍ ജോലിക്കു കയറി. തുടര്‍ന്ന് ഇടയ്ക്കിടെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. ഏപ്രില്‍ 20നാണ് അര്ജുന് അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്. കപ്പല്‍ ടുണീഷ്യയിലെ തുറമുഖത്തിന്റെ പുറങ്കടലിലാണെന്നും തുറമുഖത്തിലേയ്ക്ക് പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുകിടക്കുകയാണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് അര്‍ജുനെ കപ്പലില്‍നിന്നു കാണാതായെന്ന് ഏപ്രില്‍ 27-ന് കമ്പനിയില്‍ നിന്നുള്ള അറിയിപ്പാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.
അര്ജുന് കപ്പലില്‍നിന്ന് ലൈഫ് ജാക്കറ്റുമായി കടലില്‍ച്ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് 28-നു കമ്പനിയില്‍നിന്നു വിളിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. മേയ് 13-ന് കടലില്‍നിന്ന് ഒരു മൃതശരീരം ലഭിച്ചിട്ടുണ്ടെന്നും അത് അര്‍ജുന്റേതാണോയെന്ന് തിരിച്ചറിയാന്‍ അമ്മയുടെ ഡി.എന്‍.എ. പരിശോധനാഫലം വേണമെന്നും ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് 21ന് ഡി.എന്‍.എ. പ്രൊഫൈല്‍ അയച്ചുകൊടുത്തു. ജൂണ്‍ ഒമ്പതിന് മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചതായി അറിയിപ്പ് ലഭിച്ചു.കപ്പലില്‍ മേലധികാരി മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുവെന്നും അര്ജുന് ബന്ധുക്കളെ അറിയിച്ചിരുന്നു. അര്‍ജുന്റെ മരണത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒ.എസ്.അംബിക എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അന്ത്യോപചാരമര്‍പ്പിച്ചു. അഞ്ചു മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..