തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ സി.ബി.ഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. അതിനിടെ കേസിന്റെ വാദവും ആറുപ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക.
കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേകകോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സി.ബി.ഐ. തലശ്ശേരി കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗവും വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ടി.വി. രാജേഷ് എം.എല്‍.എ. വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. അതേസമയം സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് കോടതിയില്‍ എത്തിയില്ല. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നതും കോടതി മാറ്റിവെച്ചു.
ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എവിടെ നടത്തുന്നുവെന്നതില്‍ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നിയമപരമായി അനുവദിക്കാവുന്ന കോടതികളിലേ വിചാരണ നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആദ്യ രണ്ട് സാക്ഷികള്‍ ലീഗ് പ്രവര്‍ത്തകരാണ്. ഇതില്‍ ഒരാളെ മാത്രം ചോദ്യംചെയ്തതില്‍ ദുരൂഹതയുണ്ട്. രണ്ട് പത്രപ്രവര്‍ത്തകരെയും ചോദ്യംചെയ്തു. സിബിഐ കുറ്റപത്രത്തില്‍ ആറുപേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആക്ഷേപമില്ല. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച സമയത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അന്ന് സാക്ഷിമൊഴികള്‍ ദുര്‍ബലമാണെന്ന് അവരും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്, സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് എം.എല്‍.എ. എന്നിവരുള്‍പ്പെടെ ആറാളുകളുടെ പേരില്‍ വധഗൂഢാലോചനാ കുറ്റം ചുമത്തിയാണ് സി.ബി.ഐ. അന്വേഷകസംഘം ദിവസങ്ങള്‍ക്ക് മുന്‍പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ജയരാജന് 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റം ചുമത്തിയത്.
Content Highlights: ariyil shukoor murder case; thalasserry court considered cbi charge sheet