അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
ചിന്നക്കനാൽ: രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വലയത്തിലാക്കിയിരിക്കുകയാണ് വനംവകുപ്പ്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് ദൗത്യത്തിലെ നിര്‍ണായക ജോലി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരന്തരം കേട്ടുകൊണ്ടിരുന്ന പേരാണ് അരിക്കൊമ്പൻ. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ആനയിറങ്കൽ എന്നിവിടങ്ങളിൽ നിരന്തരം ശല്യക്കാരായ അരിക്കൊമ്പന്, 30-നും നാൽപ്പതിനും ഇടയിൽ പ്രായമുണ്ട്. രണ്ടുപതിറ്റാണ്ടിലേറെയായി ഇടുക്കിയിൽ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും.
അരിക്കൊമ്പൻ എന്ന പേരിന് പിന്നിൽ
റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി ഉൾപ്പെടെയുള്ളവ അകത്താക്കുന്നതാണ് ഈ കൊമ്പന്റെ ശീലം എന്നതുകൊണ്ട് 'അരിക്കൊമ്പൻ' എന്ന പേരും കിട്ടി. എട്ടുവർഷത്തിനിടെ അരിക്കൊമ്പൻ 15 തവണ റേഷൻകടകളിൽ കയറി. കട തകർത്ത് ഉള്ളിലുള്ള അരിയും ഗോതമ്പും ആട്ടയുമൊക്കെ കഴിക്കും. ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒരുതവണ ആന അകത്താക്കുന്നത്. മാർച്ച് 16-ന് പുലർച്ചെ അഞ്ചിന് ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പൻ അകത്താക്കി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ തമിഴ്‌നാട്ടിൽനിന്ന് സാധനങ്ങളുമായി വന്ന ലോറിയായിരുന്നു ഇത്.
പിഎം-2, പിടി-7 പിന്നാലെ അരിക്കൊമ്പൻ
പന്തല്ലൂർ മെക്കന-2 (പി.എം.-2), പാലക്കാട് ടസ്‌കർ-7 (പി.ടി.-7) എന്നീ ശല്യക്കാരായ കാട്ടാനകളെ സമീപകാലത്ത് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയതോടെയാണ് ഇടുക്കിയിലും സമാന ആവശ്യമുയർന്നത്. കാലങ്ങളായി ചിന്നക്കനാലിൽ പ്രശ്നക്കാരനായ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, വിദഗ്ധസമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടു. കൂടുതൽ തീറ്റയും വെള്ളവുമുള്ള മേഖലയായതിനാൽ മനുഷ്യർക്ക് ആന ശല്യമുണ്ടാക്കാനിടയില്ല എന്ന നിഗമനത്തിലാണ് തീരുമാനം.
ശല്യക്കാരനായ ആന
അരിക്കൊമ്പൻ ഇതുവരെ ഏഴുമനുഷ്യരെ കൊന്നിട്ടുണ്ടെന്നും മൂന്നുപേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നുമാണ് വനംവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 22 വീടുകളും ആറ് കെട്ടിടങ്ങളും മൂന്ന് റേഷൻകടകളും അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. 18 വർഷത്തിനിടെ അരിക്കൊമ്പൻ 180-ൽപ്പരം കെട്ടിടങ്ങൾ തകർത്തതായി പറയുന്നു. ആക്രമണത്തിൽ വീടുകളുംമറ്റും തകർന്ന് മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളാണിവ. ഏക്കറുകണക്കിന് കൃഷിയും നശിപ്പിച്ചതായി പറയുന്നു.അഞ്ചുവർഷംമുമ്പ് അരിക്കൊമ്പനെ പിടിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. മയക്കുവെടി വെച്ചെങ്കിലും ചെങ്കുത്തായ പ്രദേശത്തുനിന്ന് ആനയെ പിടികൂടി കൂട്ടിലടയ്ക്കാനായില്ല. അതോടെ ആ ദൗത്യം പാളി.
മിഷൻ അരിക്കൊമ്പന്റെ നാൾവഴികൾ
- ആക്രമണങ്ങൾ രൂക്ഷമായതോടെ 2023 ഫെബ്രുവരി 21-ന് അരിക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുവാദം നൽകി വനംവകുപ്പ് ഉത്തരവിറക്കുന്നത്.
- അരിക്കൊമ്പനെ സിമന്റുപാലത്തേക്ക് ആകർഷിക്കാൻ മാർച്ച് 19-ന് ഡിമ്മി റേഷൻകട സജ്ജമാക്കി.
- അരിക്കൊമ്പൻ ദൗത്യത്തിനായി മാർച്ച് 20-ന് വയനാട്ടിൽനിന്ന് ആദ്യ കുങ്കിയാന വിക്രം എത്തി.
- മാർച്ച് 21-ന് മൂന്നാറിൽ ചേർന്ന യോഗത്തിൽ മോക്ക് ഡ്രിൽ 24-നും ദൗത്യം 25-നും നടത്താൻ തീരുമാനിച്ചുമൂന്നാറിൽനിന്ന് പൈൻ മരങ്ങൾ എത്തിച്ച് മാർച്ച് 22-ഓടെ കോടനാട്ട് ആനക്കായി കൂട് തയ്യാറാക്കി
- മാർച്ച് 22-ന് രാവിലെ രണ്ടാമത്തെ കുങ്കിയാന സുര്യയും ചിന്നക്കനാലിൽ എത്തി, കുങ്കികൾ എത്താൻ വൈകുന്നതിനാൽ ദൗത്യം 26-ലേക്ക്
- മാറ്റിമാർച്ച് 23-ന് മൃഗസംരക്ഷണ സംഘനകളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ദൗത്യം 29 വരെ വിലക്കി
- മാർച്ച് 25-ന് വയനാട്ടിൽനിന്ന് കുങ്കിയാനകളായ കുഞ്ചു, കോന്നി സുരേന്ദ്രനും എത്തി. ദൗത്യസംഘവും ചിന്നക്കനാലിൽ എത്തി
- മാർച്ച് 27-ന് ദേവികുളത്ത് യോഗം ചേർന്ന് ദൗത്യസംഘം മിഷന് രൂപം നൽകിമാർച്ച്
- 29-ന് ഹൈക്കോടതി അരിക്കൊമ്പനെ പിടിക്കുന്നത് തടഞ്ഞു. പ്രശ്‌നം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു
- മാർച്ച് 30-ന് അരിക്കൊമ്പനെ പിടിക്കാത്തതിൻ പ്രതിഷേധിച്ച് സംയുക്ത സമിരസമിതി 10 പഞ്ചായത്തുകളിൽ ഹർത്താൻ നടത്തി,
- മാർച്ച് 31-ന് സിങ്കുകണ്ടത്ത് നാട്ടുകാർ രാപകൽ സമരം തുടങ്ങി
- ഏപ്രിൽ മൂന്നിന് മൂന്നാറിൽ വിദഗ്ധ സമിതി സിറ്റിങ് നടത്തി, ആനയിറങ്കൽ, പന്നിയാർ എസ്റ്റേറ്റ്, സിമന്റുപാലം എന്നിവടങ്ങൾ സന്ദർശിച്ചു
- ഏപ്രിൽ അഞ്ചിന് വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ച കോടതി ആനയെ റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദേശിച്ചു
- ഏപ്രിൽ 11-ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് കാട്ടി ഹർജി ഹൈക്കോടതിയിലെത്തിഏപ്രിൽ 12-ന് ആനയെ ഏങ്ങോട്ട് മാറ്റുമെന്ന് തീരുമാനിച്ച് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു
- ഏപ്രിൽ 19-ന് പറമ്പിക്കുളത്തിന് പകരം കണ്ടെത്തിയ സ്ഥലങ്ങൾ മുദ്രവെച്ച കവറിൽ രഹസ്യമായി വിദഗ്ധ സമിതിക്ക് സർക്കാർ കൈമാറി.
- എപ്രിൽ 25-ന് വിദഗ്ധ സമിതി അരിക്കൊമ്പനെ മാറ്റേണ്ട് സ്ഥലം ഏതെന്ന് മുദ്രവെച്ച കവറിൽ സർക്കാരിനെ അറിയിച്ചു
- ഏപ്രിൽ 27-ന് ദൗത്യസംഘം അവസാനഘട്ട ഒരുക്കങ്ങളും യോഗവും മോക്ക് ഡ്രില്ലും നടത്തി.
- ഏപ്രിൽ 28-ന് അരിക്കൊമ്പന് വെടിവെക്കാൻ വേണ്ടി അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലേക്ക്. സിമന്റുപാലത്തിന് സമീപത്തായി കണ്ട അരിക്കൊമ്പൻ പിന്നീട് അവിടെ നിന്ന് മാറുകയായിരുന്നു. തുടർന്ന് ഒമ്പതു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആദ്യദിനത്തെ ദൗത്യം അവസാനിപ്പിച്ചു.
- ഏപ്രിൽ 29-ന് രാവിലെ തുടങ്ങിയ ദൗത്യം, 12 മണിയോടടുത്ത് അരിക്കൊമ്പനെ മയക്കുവെടിവെച്ചു.
വെടിയേറ്റ അരിക്കൊമ്പനെ എന്തുചെയ്യും?
മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയുടെ കഴുത്തിൽ ബെൽറ്റ് കെട്ടി അതിൽ ജി.പി.എസ്. റേഡിയോ കോളർ ധരിപ്പിക്കും. ജി.പി.എസ്. ട്രാക്കറും ആക്സിലറോ മീറ്ററും ഇതിലുണ്ടാകും. റേഡിയോ കോളറിൽനിന്നുള്ള വിവരങ്ങൾ ഉപഗ്രഹസഹായത്തോടെ വനംവകുപ്പിന് ലഭിക്കും. ഇതിലൂടെ, ആന നിൽക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കാനാകും. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് മുൻകൂട്ടി അറിഞ്ഞ് ജനങ്ങൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകാനാകും. ആക്സിലറോ മീറ്ററിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ച് ആനയുടെ സഞ്ചാരത്തിന്റെ വേഗവും മനസ്സിലാക്കാനാകും.
Content Highlights: arikomban mission all you need to know about arikomban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..