അരിക്കൊമ്പൻ | മാതൃഭൂമി
കുമളി: പെരിയാർ കടുവസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെത്തിയപ്പോൾ ‘നാട്ടാന’യായി. മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ മണലാർ ശ്രീവല്ലി പൂത്തൂർ സെക്‌ഷൻ 31 ഡിവിഷനിലാണ് റേഡിയോ കോളറുള്ള കൊമ്പനെ വ്യാഴാഴ്ച പ്രദേശവാസികൾ കണ്ടത്. എന്നാൽ അരിക്കൊമ്പനാണതെന്ന് നാട്ടുകാർക്ക് മനസ്സിലായില്ല. നാട്ടാന വഴിതെറ്റി എത്തിയതാണെന്ന് അവർ കരുതി. മണലാർ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ ഇത്തരത്തിലാണ് വാർത്ത പ്രചരിച്ചതും. അരിക്കൊമ്പൻ കേരളത്തിൽ വാർത്തകളിൽ സ്ഥാനംപിടിച്ചത് അന്നാട്ടുകാർ അറിഞ്ഞിരുന്നില്ല. കണ്ടത് അരിക്കൊമ്പനെയാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടെയും മുൻകരുതൽ നടപടികൾ തുടങ്ങി.
രാവിലെമുതൽ അരിക്കൊമ്പൻ മണലാർ ഭാഗത്തുള്ളതിന്റെ സിഗ്‌നൽ പെരിയാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും മുൻകരുതൽ നിർദേശംനൽകി. വ്യാഴാഴ്ച വൈകീട്ടോടെ മണലാർ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
തേയിലക്കാടുകളിൽ ഇറങ്ങിയ ആന, അരിക്കൊമ്പനാണെന്ന് അറിയാതെതന്നെ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് വനംവകുപ്പ് നിർദേശം നൽകിയിരുന്നു. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച രാവിലെ ലഭിച്ച ജി.പി.എസ്. കോളർ സിഗ്‌നൽ പ്രകാരം കേരളത്തിൽ പെരിയാർ റേഞ്ചിലെ വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതുതടയാൻ തമിഴ്‌നാട് വനംവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, ഹൈവേസ് ഹിൽസിൽ തോട്ടംതൊഴിലാളി ലയത്തിന്റെ വാതിൽതകർത്ത്് അരിതപ്പിയെന്നും വാർത്ത പ്രചരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പിന്നീട് അരിക്കൊമ്പനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Content Highlights: arikomban, manalar, tamilnadu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..