ലോവർ ക്യാമ്പിലെത്തിയ അരിക്കൊമ്പൻ
കുമളി: ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് നാടുകടത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാന തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ സാധ്യത. ആനയുടെ നിലവിലെ സഞ്ചാര പാത ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണെന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലുള്ള അരിക്കൊമ്പന്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കുമളിക്ക് എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലെത്തിയെന്ന് ജിപിഎസ് സിഗ്നലില്‍ വ്യക്തമായി. ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച അരിക്കൊമ്പനെ കേരള തമിഴ്‌നാട് വനംവകുപ്പുകള്‍ നിരീക്ഷിച്ച് വരികയാണ്.
ആന ലോവര്‍ ക്യാംപിലെത്തിയതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണ് ഉള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റര്‍. തമിഴ്‌നാട്ടിലെ തേനി ഡിവിഷന് കീഴിലുള്ള രണ്ട് റിസര്‍വ് ഫോറസ്റ്റുകളാണ് ബാക്കി 40 കിലോമീറ്റര്‍. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് നടന്നെത്താവുന്ന ദൂരത്തിലാണ് ലോവര്‍ ക്യാംപ്.
രണ്ട് ദേശീയ പാതകളും ഒരു അന്തര്‍ സംസ്ഥാന പാതയും മുറിച്ചുകടക്കേണ്ടതുണ്ട് ചിന്നക്കനാലിലേക്കെത്താന്‍. എന്നാല്‍ ഒരു ദേശീയ പാത ഇതിനോടകം ആന മുറിച്ചുകടന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊല്ല-ഡിണ്ടിഗല്‍ ദേശീയ പാതയാണ് അരിക്കൊമ്പന്‍ മുറിച്ചുകടന്നത്. അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ കഴിഞ്ഞ മാസം 30നാണ് കൊണ്ടുവിട്ടത്. ഇതിന് ശേഷമുള്ള ആനയുടെ സഞ്ചാര പാത നിരീക്ഷിക്കുമ്പോള്‍ ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണ് നടത്തമെന്നാണ് ജിപിഎസ് സിഗ്നലുകളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഇന്നലെ രാത്രി റോസപ്പൂക്കണ്ടം മേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചത്. ജനവാസ മേഖലയായ അവിടെ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവെച്ചാണ് തുരത്തിയത്. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് പോകാതെ കുമളി-തമിഴ്‌നാട് അതിര്‍ത്തിയിലൂടെ ലോവര്‍ ക്യാമ്പിലേക്ക് എത്തുകയായിരുന്നു.
Content Highlights: Arikomban is eight km from the Kerala border; Walk towards Chinnakal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..