അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്ന വീട്, വീട്ടിലുണ്ടായിരുന്ന സ്ത്രീ
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ അടുക്കളയും മുന്‍ഭാഗവും ആക്രമണത്തില്‍ തകര്‍ന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറയിട്ട നിലയിലാണ്. ഇത് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് കരുതുന്നത്.
ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. മുമ്പ് ആക്രമിച്ചപ്പോള്‍ തകര്‍ന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകള്‍ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആ ഭാഗത്താണ് വീണ്ടും ആക്രമണം നടത്തിയത്.
'കാട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. ഇവിടെതന്നെ നിന്നിരുന്നെങ്കില്‍ ഞങ്ങളെ മൂന്നുപേരേയും കൊന്നേനെ. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാതെ ഞങ്ങള്‍ക്ക് ഇവിടെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല. ആനയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ഇവിടെ നിന്ന് മാറ്റിത്തരണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു. ആന പ്രേമികളുടെ അടുത്തേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റിതന്നാല്‍ മതി'- ലീലയുടെ മകള്‍ ആവശ്യപ്പെട്ടു.
അരിക്കൊമ്പന്‍വിഷയം നാളെ ഹൈക്കോടതിയില്‍
കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാലില്‍ ജനവാസമേഖലയിലിറങ്ങുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ എതിര്‍പ്പുണ്ടെന്നും ഇക്കാര്യം ഉന്നയിക്കാന്‍ അനുവദിക്കണമെന്നും നെന്മാറ എം.എല്‍.എ. കെ. ബാബുവിന്റെ അഭിഭാഷകന്‍ സുറിന്‍ ജോര്‍ജ് ഐപ്പ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ വിഷയം പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ക്ക് മുമ്പാകെയാണ് ഈയാവശ്യമുന്നയിച്ചത്. തുടര്‍ന്നാണ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്.
പറമ്പിക്കുളം വനമേഖലയ്ക്കുസമീപം താമസിക്കുന്നവരെ കേള്‍ക്കാതെയാണ് അവിടേക്ക് ആനയെ മാറ്റാമെന്ന നിര്‍ദേശം നല്‍കിയതെന്ന് കെ. ബാബു എം.എല്‍.എ. ആരോപിക്കുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് വിശദഹര്‍ജി ചൊവ്വാഴ്ച ഫയല്‍ചെയ്യും.
ഭക്ഷണവും വെള്ളവും കിട്ടുന്ന വിശാലമായ വനമേഖലയെന്ന വിദഗ്ധസമിതിറിപ്പോര്‍ട്ട് കണക്കിലെടുത്താണ് പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ബെഞ്ച് അനുമതി നല്‍കിയത്. ഇതിനെതിരേ പറമ്പിക്കുളത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു.
Content Highlights: arikomban attack again in chinnakkanal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..