അരിക്കൊമ്പൻ (ഫയൽ ചിത്രം) | ഫോട്ടോ: ശ്രീജിത് രാജ്
തിരുവനന്തപുരം: തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്‌നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് പിടികൂടിയശേഷം കഴിഞ്ഞ ദിവസാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ചത്. കമ്പം, തേനി, മധുര, വിരുദുനഗര്‍, തിരുനെല്‍വേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. പാതയോരങ്ങളിലെല്ലാം കാഴ്ചക്കാര്‍ ഏറെയായിരുന്നു. തുമ്പിക്കൈ ലോറിയില്‍ ചുറ്റിപ്പിടിച്ചു നിന്ന ആന ക്ഷീണിതനായിരുന്നു. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താര്‍ ഡാം വനംവകുപ്പ് ചെക്പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു.
കളക്കാട് മുണ്ടന്‍തുറൈ പേപ്പാറയുടെയും നെയ്യാറിന്റെയും അതിരില്‍
തിരുവനന്തപുരം: അരിക്കൊമ്പനെ തുറന്നുവിട്ട മാഞ്ചോലൈ കാട് ഉള്‍പ്പെടുന്ന കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതം തിരുവനന്തപുരത്തിന്റെ വനാതിര്‍ത്തിയില്‍. ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുമായും കൊല്ലം ജില്ലയിലെ സെന്തുരുണി കാടുമായുമാണ് മുണ്ടന്‍തുറൈ വനമേഖല അതിര്‍ത്തി പങ്കിടുന്നത്. അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് വ്യാപിച്ചുകിടക്കുന്നത്. തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ കടുവാ സംരക്ഷണമേഖലയും കൂടിയാണ് ഈ കാടുകള്‍.
Content Highlights: Arikkomban mundanthurai tiger reserve Tamil Nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..