അരിക്കൊമ്പൻ
ചിന്നക്കനാല്‍ : അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിലെ ഉന്നതല യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ചിന്നക്കനാലിലെയും ശാന്തന്‍പാറയിലെയും ജനപ്രതിനിധികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താനും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പോരായ്മകള്‍ പരിഹരിക്കാനുമായി ചിന്നക്കനാലില്‍ യോഗം ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് സീനയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മൂന്നാര്‍ എ.സി.എഫ്. സാന്‍ട്രി ടോം, ദേവികുളം റേഞ്ച് ഓഫീസര്‍ പി.വി. വെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. രാജേന്ദ്രന്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ശാന്തന്‍പാറ സി.ഐ. ബി. പങ്കജാക്ഷന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ കുടികളിലെ മൂപ്പന്‍മാര്‍, എസ്.സി. പ്രൊമോട്ടര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
യോഗ വിവരം അറിയിച്ചിരുന്നെങ്കിലും മേഖലയിലെ റിസോര്‍ട്ട്-ഹോം സ്റ്റേ പ്രതിനിധികളും ഡി.ടി.പി.സി.യും എത്തിയില്ല. ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 26, 27 തീയതികളില്‍ നാട്ടുകാരുടെ പരിപൂര്‍ണ സഹകരണം വനംവകുപ്പും ജനപ്രതിനിധികളും പോലീസും അഭ്യര്‍ഥിച്ചു.
ദൗത്യദിവസത്തെ മുന്നൊരുക്കങ്ങള്‍
ദൗത്യം നടക്കുന്ന 26, 27 തിയതികളില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും.
നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കര്‍ശന നടപടിയെടുക്കും.
സിങ്കുകണ്ടം, സൂര്യനെല്ലി, ചിന്നക്കനാല്‍, ബി.എല്‍.റാവ്, പെരിയകനാല്‍ മേഖലകളിലെ 13 പോയിന്റുകളില്‍ റോഡുകള്‍ പൂര്‍ണമായും അടയ്ക്കും.
ദൗത്യത്തിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ 25-ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും.
മലയാളവും തമിഴും കൂടാതെ ഗോത്രഭാഷയിലും അനൗണ്‍സ്മെന്റ് നടത്തും.
നിരോധനാജ്ഞയുള്ള മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല.
ആളുകള്‍ ഭക്ഷണവും അവശ്യവസ്തുക്കളും കരുതണം.
നടപ്പു വഴികളിലൂടെയുള്ള സഞ്ചാരവും ആനയിറങ്കല്‍ അണക്കെട്ടിലെ മീന്‍പിടിത്തവും അനുവദിക്കില്ല.
ആ ദിവസങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
മേഖലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അന്ന് ബുക്കിങ് അനുവദിക്കില്ല.
നിലവില്‍ ഹോട്ടലുകളില്‍ തങ്ങുന്ന വിനോദസഞ്ചാരികളോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിക്കും.
ദൗത്യം 27-ലേക്ക് നീണ്ടാല്‍ അന്ന് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.
മേഖലയിലെ സ്‌കൂളുകളിലെ എല്‍.പി., യു.പി.പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.
മേഖലയിലെ സി.ബി.എസ്.ഇ. സ്‌കൂളിന് അവധി പ്രഖ്യാപിക്കും.
കൊളുക്കുമല ട്രെക്കിങ് നിര്‍ത്തിവെയ്ക്കും.
അങ്കണവാടികള്‍ക്ക് അവധി നല്‍കും.
ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്.സി. പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കും.
26-ലെ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ പള്ളി വികാരിമാര്‍ക്ക് പഞ്ചായത്ത് കത്തുനല്‍കും.
തോട്ടങ്ങളിലെ പണിക്ക് ആ ദിവസങ്ങളില്‍ തൊഴിലാളികളെ ഇറക്കരുത്.
പ്രദേശത്തെ ബിവറേജസ് ഔട്ട്*!*!*!െലറ്റുകള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറെ സമീപിക്കും.
ദൗത്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും.
കുങ്കിയാനകളെത്താന്‍ വൈകും; അരിക്കൊമ്പന്‍: ദൗത്യം 26-ലേക്ക് മാറ്റി
അരിക്കൊമ്പനെ പിടിക്കാനായി സൂര്യയെന്ന കുങ്കിയാനയെ ബുധനാഴ്ച രാവിലെ സിമന്റുപാലത്ത് എത്തിച്ചപ്പോള്‍. മറ്റൊരു കുങ്കിയാനയായ വിക്രത്തിനെയും കാണാം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്
ചിന്നക്കനാല്‍ : ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ നാശംവരുത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം 26-ലേക്ക് മാറ്റി. മോക്ക് ഡ്രില്‍ 25-ന് നടത്തും. കുങ്കിയാനകളെ എത്തിക്കാനുള്ള കാലതാമസമാണ് കാരണമെന്ന് മൂന്നാര്‍ എ.സി.എഫ്. സാന്‍ട്രി ടോം പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന ഉന്നതതല യോഗത്തില്‍ 25-ന് ദൗത്യം നടത്താനാണ് തീരുമാനിച്ചിരുന്നത്. സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളെക്കൂടി കൊണ്ടുവരാനുണ്ട്. ഇവയെ എത്തിക്കാനുള്ള ലോറികളിലൊന്ന് കഴിഞ്ഞയാഴ്ചയുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ചയെ ലോറി വിട്ടുകിട്ടൂ. ഡ്രൈവര്‍ക്ക് ജാമ്യവും കിട്ടണം. ലോറിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നെസും ലഭിക്കണം. ഇതിനുശേഷമേ ഈ ലോറിയില്‍ കുങ്കിയാനയെ ചിന്നക്കനാലിലേക്ക് എത്തിക്കാനാകൂ. ലോറി വിട്ടുകിട്ടാന്‍ താമസിച്ചാല്‍ ദൗത്യം വീണ്ടും നീട്ടിവെച്ചേക്കും.
മുത്തങ്ങയിലെ ആനപ്പന്തിയില്‍നിന്നു ആനകളെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ രണ്ട് ലോറികളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. ശേഷിച്ച ഒരു ലോറിയിലാണ് വിക്രം, സൂര്യ എന്നീ കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്.
24-ന് ദൗത്യസംഘത്തിലെ മറ്റുള്ളവരും ചിന്നക്കനാലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുങ്കിയാനകള്‍ക്ക് ഒരുദിവസം വിശ്രമം ആവശ്യമാണ്. അതിനാല്‍ മോക്ക് ഡ്രില്‍ 25 -നെ നടക്കൂ. ഇതും ദൗത്യം നീട്ടാന്‍ കാരണമായി. 26-ന് അരിക്കൊമ്പനെ പിടികൂടാനായില്ലെങ്കില്‍ 27-നും ദൗത്യം തുടരും. ഈ ദിവസങ്ങളില്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. 27-ന് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കും എല്‍.പി.-യു.പി. വിഭാഗങ്ങളിലെ കുട്ടികള്‍ക്കും പരീക്ഷയുണ്ട്. ചിന്നക്കനാല്‍ മേഖലയിലെ പഞ്ചായത്തുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കുന്നതും പരിഗണനയിലുണ്ട്.
Content Highlights: arikkomban mission on track
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..