അരിക്കൊമ്പൻ | Photo: Mathrubhumi Library
ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ മാസങ്ങള്‍ക്കിടെ മയക്കുവെടി വെക്കേണ്ടിവരുന്നത് ഇത് രണ്ടാം തവണ. ആദ്യം കേരളത്തിലെയും ഇപ്പോള്‍ തമിഴ്‌നാട്ടിലെയും വനംവകുപ്പ് അധികൃതരാണ് മയക്കുവെടിവച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേരള വനംവകുപ്പ് അധികൃതര്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയെങ്കിലും ആന വീണ്ടും നാട്ടിലിറങ്ങി. നാട്ടുകാരുടെ ഭീതിയും മൃഗസ്‌നേഹികളുടെ ഇടപെടലും ഹൈക്കോടതി നടപടികളുംമൂലം മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് അരിക്കൊമ്പന്‍.
ചിന്നക്കനാലില്‍ ജനവാസ മേഖലയിലിറങ്ങി പതിവായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയതോടെയാണ് അരിക്കൊമ്പന്‍ ശ്രദ്ധനേടുന്നത്. അരിക്കൊമ്പനെ പിടികൂടി കുട്ടിലടയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു. ഇതിനുള്ള നീക്കങ്ങള്‍ അധികൃതര്‍ തുടങ്ങിയപ്പോഴേക്കും അരിക്കൊമ്പന് പിന്തുണയുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. പിന്നാലെ വിഷയം ഹൈക്കോടതിയിലെത്തി. അരിക്കൊമ്പനെ പിടുകൂടേണ്ടതില്ല, റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് മാറ്റിയാല്‍ മതിയെന്ന നിലപാടാണ് വിഷയത്തില്‍ ഹൈക്കോടതി സ്വീകരിച്ചത്. ഇതോടെയാണ് കേരളത്തിലെ അരിക്കൊമ്പന്‍ ദൗത്യത്തിന് തുടക്കമാകുന്നത്. ഹൈക്കോടതിയുടെയടക്കം പ്രശ്ംസ നേടിയ കേരളത്തിലെ അരിക്കൊമ്പന്‍ ദൗത്യംകൊണ്ട് എന്ത് ഫലമുണ്ടായി എന്ന ചോദ്യവും ഉയരുന്നുണ്ട്.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹര്‍ത്താല്‍
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ ജനകീയസമിതി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു സമരം. കൊച്ചി-ധനുഷ്‌കോടി പാത ഉള്‍പ്പെടെ സമരത്തിന് വേദിയായി. ആനയെ മാറ്റാതിരുന്നാല്‍ മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല, ആന കാട്ടിനുള്ളില്‍നില്‍ക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ നാട്ടിലിറങ്ങി വീടുകള്‍ തകര്‍ക്കുന്നതും ഉപദ്രവിക്കുന്നതുമാണ് പ്രശ്നം എന്നാണ് നാട്ടുകാര്‍ അന്ന് പറഞ്ഞത്.
.jpg?$p=cc29bd4&&q=0.8)
മിഷന് അരിക്കൊമ്പന്‍
ആക്രമണങ്ങള്‍ രൂക്ഷമായതോടെ 2023 ഫെബ്രുവരി 21-ന് അരിക്കൊമ്പനെ മയക്കുവെടിവെക്കാന്‍ അനുവാദം നല്‍കി വനംവകുപ്പ് ഉത്തരവിറക്കുന്നത്.
അരിക്കൊമ്പനെ സിമന്റുപാലത്തേക്ക് ആകര്‍ഷിക്കാന്‍ മാര്‍ച്ച് 19-ന് ഡിമ്മി റേഷന്‍കട സജ്ജമാക്കി.
അരിക്കൊമ്പന്‍ ദൗത്യത്തിനായി മാര്‍ച്ച് 20-ന് വയനാട്ടില്‍നിന്ന് ആദ്യ കുങ്കിയാന വിക്രം എത്തി.
- മാര്‍ച്ച് 21-ന് മൂന്നാറില്‍ ചേര്‍ന്ന യോഗത്തില്‍ മോക്ക് ഡ്രില്‍ 24-നും ദൗത്യം 25-നും നടത്താന്‍ തീരുമാനിച്ചുമൂന്നാറില്‍നിന്ന് പൈന്‍ മരങ്ങള്‍ എത്തിച്ച് മാര്‍ച്ച് 22-ഓടെ കോടനാട്ട് ആനക്കായി കൂട് തയ്യാറാക്കി
- മാര്‍ച്ച് 22-ന് രാവിലെ രണ്ടാമത്തെ കുങ്കിയാന സുര്യയും ചിന്നക്കനാലില്‍ എത്തി, കുങ്കികള്‍ എത്താന്‍ വൈകുന്നതിനാല്‍ ദൗത്യം 26-ലേക്ക്
- മാറ്റിമാര്‍ച്ച് 23-ന് മൃഗസംരക്ഷണ സംഘനകളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദൗത്യം 29 വരെ വിലക്കി
- മാര്‍ച്ച് 25-ന് വയനാട്ടില്‍നിന്ന് കുങ്കിയാനകളായ കുഞ്ചു, കോന്നി സുരേന്ദ്രനും എത്തി. ദൗത്യസംഘവും ചിന്നക്കനാലില്‍ എത്തി
- മാര്‍ച്ച് 27-ന് ദേവികുളത്ത് യോഗം ചേര്‍ന്ന് ദൗത്യസംഘം മിഷന് രൂപം നല്‍കിമാര്‍ച്ച്
- 29-ന് ഹൈക്കോടതി അരിക്കൊമ്പനെ പിടിക്കുന്നത് തടഞ്ഞു. പ്രശ്നം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു
- മാര്‍ച്ച് 30-ന് അരിക്കൊമ്പനെ പിടിക്കാത്തതിന്‍ പ്രതിഷേധിച്ച് സംയുക്ത സമിരസമിതി 10 പഞ്ചായത്തുകളില്‍ ഹര്‍ത്താന്‍ നടത്തി,
- മാര്‍ച്ച് 31-ന് സിങ്കുകണ്ടത്ത് നാട്ടുകാര്‍ രാപകല്‍ സമരം തുടങ്ങി
- ഏപ്രില്‍ മൂന്നിന് മൂന്നാറില്‍ വിദഗ്ധ സമിതി സിറ്റിങ് നടത്തി, ആനയിറങ്കല്‍, പന്നിയാര്‍ എസ്റ്റേറ്റ്, സിമന്റുപാലം എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു
- ഏപ്രില്‍ അഞ്ചിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു
- ഏപ്രില്‍ 11-ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് കാട്ടി ഹര്‍ജി ഹൈക്കോടതിയിലെത്തിഏപ്രില്‍ 12-ന് ആനയെ ഏങ്ങോട്ട് മാറ്റുമെന്ന് തീരുമാനിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു
- ഏപ്രില്‍ 19-ന് പറമ്പിക്കുളത്തിന് പകരം കണ്ടെത്തിയ സ്ഥലങ്ങള്‍ മുദ്രവെച്ച കവറില്‍ രഹസ്യമായി വിദഗ്ധ സമിതിക്ക് സര്‍ക്കാര്‍ കൈമാറി.
- എപ്രില്‍ 25-ന് വിദഗ്ധ സമിതി അരിക്കൊമ്പനെ മാറ്റേണ്ട് സ്ഥലം ഏതെന്ന് മുദ്രവെച്ച കവറില്‍ സര്‍ക്കാരിനെ അറിയിച്ചു
- ഏപ്രില്‍ 27-ന് ദൗത്യസംഘം അവസാനഘട്ട ഒരുക്കങ്ങളും യോഗവും മോക്ക് ഡ്രില്ലും നടത്തി.
- ഏപ്രില്‍ 28-ന് അരിക്കൊമ്പന് വെടിവെക്കാന്‍ വേണ്ടി അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലേക്ക്. സിമന്റുപാലത്തിന് സമീപത്തായി കണ്ട അരിക്കൊമ്പന്‍ പിന്നീട് അവിടെ നിന്ന് മാറുകയായിരുന്നു. തുടര്‍ന്ന് ഒമ്പതു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ആദ്യദിനത്തെ ദൗത്യം അവസാനിപ്പിച്ചു.
- ഏപ്രില്‍ 29-ന് രാവിലെ തുടങ്ങിയ ദൗത്യം, 12 മണിയോടടുത്ത് അരിക്കൊമ്പനെ മയക്കുവെടിവെച്ചു.
അഞ്ച് മയക്കുവെടി വെച്ചാണ് അന്ന് ആനയെ മയക്കിയത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ വെടിവെച്ചത്.ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനത്തേക്കാണ് പിന്നീട് കൊണ്ടുപോയത്. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണ് മേതകാനം.
'പെരിയാറിന്റെ മണ്ണിലേക്ക് അരിക്കൊമ്പന് സ്വാഗതം'
രാത്രി 10.05-നാണ് മുപ്പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായി അരിക്കൊമ്പന്‍ കുമളിയിലേക്ക് എത്തിയത്. ജനങ്ങള്‍ കൗതുകത്തോടെ ആരവം മുഴക്കി. അരിക്കൊമ്പനെന്ന് നീട്ടിവിളിച്ചു. അപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായത്. പൊതുവെ ജനങ്ങള്‍ക്ക്, അരിക്കൊമ്പന്‍ വരുന്നതിനോട് എതിര്‍പ്പില്ലെന്ന് അവര്‍ വിലയിരുത്തി.

അഭിനന്ദനവുമായി ഹൈക്കോടതി
മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യസംഘത്തെ അഭിനന്ദിച്ച് കത്തയച്ച് ഹൈക്കോടതി അന്ന് രംഗത്തെത്തിയിരുന്നു. ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന അനുമോദനത്തോടെ ഹൈക്കോടതി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരാണ് കത്തയച്ചത്. കുങ്കിയാനകളുടെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ദൗത്യസംഘത്തിലെ മുഴുവന്‍ ആളുകളുടെയും പേര് എടുത്തുപറഞ്ഞാണ് അഭിനന്ദനക്കത്ത്. ഒരു കാട്ടാനയെ ജീവിതകാലം മുഴുവന്‍ ബന്ധനത്തില്‍വെക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടാന്‍ കഴിഞ്ഞത് സംസ്ഥാനത്തിനും രാജ്യത്തിനാകെയും അഭിമാനകരമായ നേട്ടമാണെന്ന് കത്തില്‍ പറയുന്നു. ദൗത്യത്തിലുടനീളം വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ആനയോട് കാണിച്ച കരുതലും സഹാനുഭൂതിയും മാനവികതയുടെ അടയാളമാണെന്നും കത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി. ഭൂമിയിലെ മറ്റു ജീവികളുടെ താല്‍പ്പര്യങ്ങളെ കൂടി അനുഭാവപൂര്‍വം പരിഗണിച്ച് വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയില്‍ മനുഷ്യ നിയന്ത്രണം സാധ്യമാണെന്ന് ലോകത്തിനാകെ കാണിച്ചുകൊടുക്കാന്‍ ദൗത്യത്തിലൂടെ സാധിച്ചുവെന്നും കത്തില്‍ പറയുന്നു. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം വനംവകുപ്പിലെ വരുന്ന തലമുറയും മാതൃകയാക്കേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
കമ്പത്ത് അരിക്കൊമ്പന്റെ പരാക്രമം
വനമേഖലയില്‍നിന്ന് കമ്പം ഇ.ബി. റോഡ് പ്രദേശത്തിറങ്ങിയ അരിക്കൊമ്പന്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് കാട്ടാന എത്തിയതോടെ ആളുകള്‍ ഭയന്നു. നാലുപാടും ചിതറിയോടി. ജനം അലറിവിളിച്ചപ്പോള്‍ കൊമ്പനും വിരണ്ടു. ഇതിനിടയിലാണ് ബൈക്കിലെത്തിയ യുവാവ് ആനയുടെ മുമ്പില്‍പ്പെടുന്നത്. ആനയെക്കണ്ട് വാഹനം വെട്ടിക്കുന്നതിനിടെ വീണ് പരിക്കേറ്റു. എന്നിട്ടും പ്രാണരക്ഷാര്‍ഥം ഓടിമാറി. ഇയാളുടെ ബൈക്ക് കൊമ്പന്‍ ചവിട്ടിത്തകര്‍ത്തു. ഈ യുവാവാണ് പിന്നീട് മരിച്ചത്. ഇടവഴിയിലൂടെ വേഗത്തില്‍ ഓടിയ അരിക്കൊമ്പന്‍ തടസ്സമായിനിന്ന ഓട്ടോറിക്ഷ കൊമ്പില്‍ തൂക്കി അഴുക്കുചാലിന് സമീപത്തേക്ക് എറിഞ്ഞു. ശേഷം സമീപത്തെ മുനിസിപ്പാലിറ്റി സ്‌കൂളിലെത്തിയ ആന സ്‌കൂളിലെ ജലസംഭരണി തകര്‍ത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിനും ഇതിനിടെ കേടുപാടുകള്‍ വരുത്തി. ആന വിരണ്ടോടിയപ്പോള്‍ സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും ഓടിമാറി. തുടര്‍ന്ന് ഉച്ചയോടെ സമീപത്തെ പുളിന്തോട്ടത്തില്‍ ആന നിലയുറപ്പിക്കുകയും പ്രദേശവാസികള്‍ ചുറ്റുംകൂടുകയും ചെയ്തു. തേനി എസ്.പി. പ്രവീണ്‍ ഉമേഷ് ഡോങ്കറയുടെ നേതൃത്വത്തില്‍ പോലീസും തേനി ഡി.എഫ്.ഒ.യുടെ നേതൃത്വത്തില്‍ വനം വകുപ്പും സ്ഥലത്തെത്തി. ആന വിരളാതിരിക്കാന്‍ ആളുകളെ സമീപപ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തീറ്റനല്‍കാന്‍ ശ്രമിച്ചെങ്കിലും ആന പ്രകോപിതനായി. ഇതോടെ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ ആന നില്‍ക്കുന്നതിന്റെ മുകളിലൂടെ ഒരാള്‍ ഡ്രോണ്‍ പറത്തി. ഇതോടെ കൊമ്പന്‍ അസ്വസ്ഥനായി സമീപത്തെ മുള്ളുവേലികള്‍ തകര്‍ത്ത് കമ്പം ബൈപ്പാസിനും നടരാജമണ്ഡപത്തിനും ഇടയിലുള്ള പുളിയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിലേക്ക് ഓടിക്കയറി. പിന്നീട് കമ്പത്തേക്കുതന്നെ അരിക്കൊമ്പന്‍ മടങ്ങി. പിന്നീട് പലതവണ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ ആദ്യമുണ്ടായിരുന്ന ചിന്നക്കനാലിലേക്കുള്ള യാത്രയിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
.jpg?$p=8a7b7b1&&q=0.8)
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യം
അതിനിടെ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്നാട് വനപ്രദേശത്താണ്. അതുകൊണ്ട് തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി തമിഴ്നാട്ടില്‍ നിന്നും ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ചോദിച്ചു. ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: Arikkomban mission arikkomban Kerala High court Tamilnadu forest department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..