പത്തനംതിട്ട:  ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാക്കി പദ്ധതിക്കായി ഏറ്റെടുത്ത് പ്രദേശത്ത് വിത്തുവിതച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുക. അതിനുള്ള തുടക്കമാണ് ഇന്ന് നടന്നത്.

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ വിത്ത് വിതയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഒരുകോടി 53 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നല്‍കും. 

ആറന്മുള വിമാനത്താവളത്തിനായി സര്‍ക്കാര്‍ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ആറന്മുള പുഞ്ചയില്‍ വിത്തിറക്കുന്നത്. ആയിരം ഏക്കര്‍ വരുന്നതാണ് ആറന്മുള പുഞ്ച. വിമാനത്താവളം, പാലം നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ കാരണം പ്രദേശത്ത് കൃഷി ഇറക്കുന്നത് വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു.

വിമാനത്താവളത്തിനായി കെ.ജി.എസിന് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്താണ് ഇവിടെ കൃഷി നടത്തുന്നത്. എന്നാല്‍ വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കണമെങ്കില്‍ അവിടുത്തെ തോടും ചാലും പുനരുദ്ധരിക്കേണ്ടതായുണ്ട്. ഇവയുടെ ഒഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തിയത് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു. 

ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ വാദം നടക്കുന്നുണ്ട് . അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു.