കോഴഞ്ചേരി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ 267 പാര്‍ട്ടി അംഗങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതായി സി.പി.എം. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പലയിടത്തും ആരംഭിക്കാനിരിക്കേ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ താഴേത്തട്ടില്‍ പുരോഗമിക്കുകയാണെന്ന് അറിയുന്നു.

തുടര്‍ഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ നല്‍കരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പറയുന്നു.

ഇരവിപേരൂര്‍, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തിരഞ്ഞെടുപ്പ് കാലത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സി.പി.എം. പ്രവര്‍ത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.പദ്മകുമാറിന്റെ ചുമതലയിലുള്ള അവലോകന റിപ്പോര്‍ട്ട്.

കുമ്പഴ, കുളനട, ഇരവിപേരൂര്‍, വള്ളംകുളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേഡര്‍മാര്‍ വിട്ടുനിന്നത്. ഇരവിപേരൂര്‍ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി മൂന്ന്, കിടങ്ങന്നൂരില്‍ ആറ്, മല്ലപ്പുഴശ്ശേരിയില്‍ ഒമ്പത്, കോഴഞ്ചേരിയില്‍ മൂന്ന്, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം ഒമ്പത്, പ്രക്കാനം അഞ്ച്, ഓമല്ലൂര്‍ 15, പത്തനംതിട്ട സൗത്ത് മൂന്ന്, പത്തനംതിട്ട നോര്‍ത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിട്ടുനിന്ന പാര്‍ട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരില്‍ രണ്ട് എല്‍.സി. അംഗങ്ങള്‍ വിട്ടുനിന്നതായും മല്ലപ്പുഴശ്ശേരിയില്‍ എല്‍.സി. അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഈ വീഴ്ച സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനന്തഗോപന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ദിവസം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അന്ന് പാര്‍ട്ടി സംസ്ഥാന ഘടകം നേരിട്ടിറങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്.