പത്തനംതിട്ട: ആറന്മുളയില്‍ ആംബുലന്‍സില്‍ കോവിഡ് രോഗിയെ ഡ്രൈവര്‍ പീഡിപ്പിച്ച കേസില്‍ ജൂണ്‍ മൂന്നിന് വിചാരണ ആരംഭിക്കും. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസ് പരിഗണിക്കുക. 

ആദ്യം ഇരയായ പെണ്‍കുട്ടിയെ കോടതി വിസ്തരിക്കും. പിന്നീട് 94 സാക്ഷികളുടെ വിസ്താരം നടത്തും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതി നൗഫലിനെ കോടതി കേള്‍ക്കും. 

സെപ്തംബര്‍ അഞ്ചിന് രാത്രിയുണ്ടായ സംഭവത്തില്‍, പ്രതി നൗഫല്‍ ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ കുറ്റപത്രം വായിച്ച് കേട്ട വേളയില്‍ പ്രതി നൗഫല്‍ കുറ്റം നിഷേധിച്ചിരുന്നു.

എന്നാല്‍ പീഡനശേഷം പ്രതി പെണ്‍കുട്ടിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, ആംബുലന്‍സിന്റെ ജി.പി.എസ്. രേഖകള്‍ എന്നിവ നിര്‍ണായക തെളിവുകളാണ്. 

ജില്ലാ ഗവ. പ്ലീഡര്‍ എ.സി. ഈപ്പന്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകും.

content highlights: Aranmula ambulance rape case, trial starts on June 3