കണ്ണൂർ: അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി (87) അന്തരിച്ചു. അറയ്ക്കൽ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു.

39-ാമത്തെ ഭരണാധികാരി സുൽത്താൻ അറയ്ക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്ന് 2019 മെയിലാണ് മറിയുമ്മ ഭരണാധികാരിയാകുന്നത്.

മദ്രാസ് പോർട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ് മറിയുമ്മ. 

മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. 

ആദ്യകാലം മുതൽക്കേ അറയ്ക്കൽ രാജവംശത്തിന്റെ അധികാര കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. 

അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്.

അറയ്ക്കൽ ഭരണാധികാരി അറയ്ക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. 

Content Highlights: Arakkal Sultan Adiraja Maryumma, Arakkal kingdom,  Muslim kingdom,  Kannur