കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ആലുവാ പോലീസ് ക്ലബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അപ്പുണ്ണി ഹാജരായത്. 

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാണിച്ച് ഈ മാസം 11 പോലീസ് നോട്ടീസ് നല്‍കിയെങ്കിലും കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് രണ്ടാമതും പോലീസ് നോട്ടീസ് നല്‍കി.

ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കുമെന്നാണ് വിവരം.