മന്ത്രി ആർ. ബിന്ദു | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അപേക്ഷ നൽകിയത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. നവംബർ പതിനെട്ടിന് മന്ത്രി കൊച്ചിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.
മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണം മന്ത്രി നടത്തി എന്നത് വിഷയം കൂടുതൽ ഗുരുതരമാക്കുന്നതാണ്. ഭരണഘടനയുടെ 19 (1)(a) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്യാൻ കഴിയൂ.
കോടതിയലക്ഷ്യമെന്ന് പരാതിക്കാരൻ അവകാശപ്പെടുന്ന ബിന്ദുവിന്റെ പ്രസ്താവന:
"സുപ്രീം കോടതിപോലും കേന്ദ്ര നയങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകർക്കും. കേന്ദ്ര സർക്കാരിന്റെ ഈ നയങ്ങൾക്കൊപ്പംചേർന്ന് പോകുന്നതാണ് സുപ്രീം കോടതി വിധി".
Content Highlights: Application to Attorney General seeking permission for contempt of court against Minister R Bindu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..