കെ.എം.ഷാജി|Photo: മാതൃഭൂമി (ഫയൽ)
കണ്ണൂര്‍: ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെ.എം. ഷാജി എം.എല്‍.എ.യോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
നവംബര്‍ 10-ന് ഹാജരാകാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എല്‍.എ.യുടെ പോസ്റ്റില്‍ പറയുന്നു. 'അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാല്‍ അതിന് മുന്‍പ് പ്രതികരിക്കുന്നില്ലെന്ന് മാത്രം.
10-ാം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ.സി.യു.വില്‍ കയറുമെന്നും വാര്‍ത്താവായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം' എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നിര്‍ബന്ധവുമുണ്ടെന്നും ഷാജി പറയുന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തെ തുടര്‍ന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..