വാഷിങ്ടണ്‍: മാനവരാശിയുടെ വലിയൊരു കുതിപ്പായിരുന്നു ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യന്‍ നടത്തിയ ആദ്യ ചുവടുവെപ്പ്. 1969 ജൂലായ് 20ന് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് യാഥാര്‍ഥ്യമാക്കി തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികള്‍ക്ക് ലഭിച്ചത് ലോകത്തിന്റെ ഊഷ്മളമായ വരവേല്‍പ്പായിരുന്നു എന്നതും ചരിത്രം.

എന്നാല്‍, ചന്ദ്രനില്‍നിന്ന് തിരിച്ചെത്തിയ ബഹിരാകാശ യാത്രികര്‍ക്ക് ഭൂമിയില്‍ ഇറങ്ങുന്നതിന് കസ്റ്റംസിന്റെ സത്യവാങ്മൂലം പൂരിപ്പിച്ചു നല്‍കേണ്ടിവന്നു എന്നറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. സംഗതി സത്യമാണ്, യാത്രികരില്‍ ഒരാളായിരുന്ന എഡ്വിന്‍ ആല്‍ഡ്രിന്‍ എന്ന ബുസ് ആല്‍ഡ്രിന്‍ തന്നെയാണ് കൗതുകകരമായ ആ യാഥാര്‍ഥ്യം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനയാത്രികരുടേതിന് സമാനമായ നടപടിക്രമം  ബഹിരാകാശ യാത്രികർക്കും വേണ്ടിവന്നു എന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ് വ്യക്തമാക്കുന്നത്.

ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ തിരിച്ചെത്തിയ ഉടനെ കസ്റ്റംസിന്റെ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കേണ്ടിവന്നു എന്ന് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ 91-കാരനായ ആല്‍ഡ്രിന്‍ പറയുന്നു. 'സങ്കല്‍പിച്ചു നോക്കൂ, ചന്ദ്രനിലെ 22 മണിക്കൂര്‍ അടക്കം എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം തിരികെ ഭൂമിയിലെത്താന്‍ കസ്റ്റംസിന്റെ പരിശോധന ആവശ്യമായി വന്നു!', ആല്‍ഡ്രിന്‍ ട്വീറ്റില്‍ പറയുന്നു. അന്ന് കസ്റ്റംസിന് പൂരിപ്പിച്ച് നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

പൊതു സത്യവാങ്മൂലം എന്ന് തലക്കെട്ടുള്ള ഒരു ഫോം ആണ് പൂരിപ്പിച്ച് നല്‍കേണ്ടിവന്നത്. 1969 ജൂലായ് 24 എന്നാണ് ഇതിലെ തീയ്യതി. യാത്രചെയ്ത വാഹനം അപ്പോളോ 11 സ്‌പേസ്ഷിപ്പ്. നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) ആണ് ഓപ്പറേറ്റര്‍. ആംസ്‌ട്രോങ്, ആല്‍ഡ്രിന്‍, മറ്റൊരു യാത്രികനായിരുന്ന മൈക്കേല്‍ കോളിന്‍സ് എന്നിവരുടെ പേരുകളും ഒപ്പും ഇതില്‍ ഉണ്ട്. യാത്രയില്‍ കൈയ്യിലുള്ള വസ്തുക്കളുടെ കള്ളിയില്‍ 'ചന്ദ്രനില്‍നിന്നുള്ള കല്ലുകളുടെയും പൊടിയുടെയും സാംപിളുകള്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ആല്‍ഡ്രിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 'ചന്ദ്രനില്‍നിന്നുള്ള വൈറസിനെ ഭയന്ന് ബഹിരാകാശ യാത്രികരെ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാതിരുന്നത് ഭാഗ്യമായെ'ന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിക്കുന്നു. കൗതുകകരമായ ഒരു രേഖ എന്നതിനൊപ്പം വിചിത്രമായ ഒരു ഔദ്യോഗിക നടപടി എന്ന നിലയിലും ഇത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

Content Highlights: Apollo Astronauts Went Through Customs After Returning From Moon- Buzz Aldrin Shares Pic Of Form