പ്രതീകാത്മക ചിത്രം, എ.പി. സോണ | Photo: Mathrubhumi, Screengrab/ Mathrubhumi News
ആലപ്പുഴ: അശ്ലീല വീഡിയോ സൂക്ഷിച്ച സംഭവത്തിലും പുകയിലക്കടത്തുമായി ബന്ധപ്പെട്ട കേസിലും നടപടിയെടുത്തത് ഐകകണ്ഠ്യേനയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:- ‘സാമൂഹിക വ്യവസ്ഥയിൽ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങളും പ്രവണതകളും സ്വീകരിക്കുന്നവരാകാം. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സഖാക്കൾ ഇത്തരം തെറ്റായ പ്രവണതകൾക്ക് അടിപ്പെടാൻ പാടില്ല. ജില്ലയിൽ ഏതാനും ചില സഖാക്കൾ ചില തെറ്റുകളിൽ അകപ്പെട്ടതായി ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതേപോലുള്ള തെറ്റായ പ്രവണതകൾ ചെയ്യുന്നവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കാനാകില്ല. ഈ പ്രശ്നങ്ങളിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഐകകണ്ഠ്യമായിരുന്നു. എന്നാൽ, പാർട്ടിയിൽ ഭിന്നതയുണ്ട് എന്ന രൂപത്തിൽ ചില സഖാക്കളുടെ പേരെടുത്തുപറഞ്ഞ് വാർത്തകൾ കൊടുക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. അത് ഇല്ലാത്തതാണ്.
കുട്ടനാട് ഏരിയയിൽ പാർട്ടി സഖാക്കൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കമുണ്ടായിരുന്നതിൽ ചിലർ കുറെയധികം സഖാക്കളുടെ പേരെഴുതി തുടർച്ചയായി മാധ്യമങ്ങൾക്കു നൽകി. അവർ നൽകിയ വാർത്തകൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് പാർട്ടിയെ മോശപ്പെടുത്താനുള്ള പ്രവണതയാണ് മാധ്യമങ്ങളിൽ ചിലർ സ്വീകരിച്ചത്. ആയിരക്കണക്കിനു പാർട്ടി അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമായിട്ടുള്ള കമ്യൂണിസ്റ്റ് പാർട്ടിയിൽ ചില തർക്കങ്ങളും പ്രശ്നങ്ങളും ഉയർന്നുവരുക സ്വാഭാവികമാണ്. ആ പ്രശ്നങ്ങൾ ഓരോന്നും ചർച്ചചെയ്ത് പരിഹരിച്ച് പാർട്ടിയെ ഏകീകരിക്കും. കുട്ടനാട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണ്. ഈ തർക്കത്തിന്റെ പേരിൽ ഒരു സഖാവുപോലും മാധ്യമങ്ങൾ ആഗ്രഹിക്കുന്നപോലെ പാർട്ടിക്ക് നഷ്ടപ്പെടില്ല- ആയതിനാൽ പാർട്ടിയെ മോശപ്പെടുത്താൻ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചാരവേലകളെ മുൻകാലങ്ങളിലെപ്പോലെ തന്നെ ജില്ലയിലെ പാർട്ടി സഖാക്കളും ബഹുജനങ്ങളും തള്ളിക്കളയുമെന്നും ആർ. നാസർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
എ.പി. സോണയെ പുറത്താക്കിയതിനു പിന്നാലെ കുതിരപ്പന്തിയിൽ പോലീസ് കാവലേർപ്പെടുത്തി
സ്ത്രീകളുടെ അശ്ലീലദൃശ്യം മൊബൈൽഫോണിൽ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി. സോണയെ സി.പി.എമ്മിൽനിന്നു പുറത്താക്കിയതിനു പിന്നാലെ ഇയാളുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് പോലീസ് കാവലേർപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി.
കുതിരപ്പന്തി പ്രദേശത്ത് സി.പി.എമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. പ്രദേശത്ത് ശനിയാഴ്ച രാത്രിതന്നെ പോലീസ് എത്തിയിരുന്നു.
പരാതി പോലീസിനു കൈമാറാത്തതും വിവാദമാകുന്നു
അശ്ളീലദൃശ്യം മൊബൈലിൽസൂക്ഷിച്ച സി.പി.എം. നേതാവിനെതിരേയുള്ള പരാതി പോലീസിനു കൈമാറാത്തതും വിവാദമാകുന്നു.
ഇതിനെതിരേ യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. സ്ത്രീകളുടെ അനുവാദമില്ലാതെയാണ് നേതാവ് അശ്ളീലദൃശ്യം പകർത്തിയത്. ഇതിനെല്ലാമുപരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. സ്ത്രീകളിൽനിന്നു പണംവാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയുമുണ്ട്.
ഇത്രയും ഗുരുതരമായ പ്രശ്നങ്ങളിൽ പാർട്ടി കോടതിയാകാതെ പരാതികൾ പോലീസിനു കൈമാറണമെന്നാണ് മറ്റു സംഘടനകൾ ആവശ്യപ്പെടുന്നത്. സോണയുടെ ഫോണിൽനിന്നു നേതാക്കൾക്കു പരാതിയോടൊപ്പം നൽകിയ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
പരാതി പോലീസിനു കൈമാറണമെന്നാണ് സി.പി.എമ്മിലെ തന്നെ ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. പാർട്ടിയിൽനിന്നു പുറത്താക്കിയതിനാൽ പോലീസ് നടപടികളിൽ ഭയക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.
Content Highlights: ap sona alappuzha area committee member cpm private video controversy police security
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..