എ.പി.അബ്ദുള്ളക്കുട്ടി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികള്‍ക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പങ്കെടുത്ത കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് നയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു.
ഇതിനിടെ ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പലരും ഏറ്റുപിടിച്ചു. ചില ട്രോളുകള്‍ക്കും പ്രസ്താവന വിഷയമായി. 'സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍' എന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദീഖ് പരിഹസിച്ചു.
നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായ ഇടപെടുന്ന പ്രധാനമന്ത്രിയാണ്. മുസ്ലിം സമുദായത്തിലെ ഹജ്ജില്‍ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാലത്ത് ഗുഡ് വില്‍ ഡെലിഗേഷന്‍ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എംഎം ഹസ്സനെ പോലുള്ള ആളുകളെ സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും അവസാനത്തെ വിമാനത്തില്‍ പോകും. എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തില്‍ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോണ്‍ഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ പണം കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലല്ല. അത് ഹറാമാണെന്ന് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ശേഷവും മോദി ഹജ്ജില്‍ ഇടപ്പെട്ടു. 2019-ലാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോയത്. 190000 ആളുകളേ ആയിരുന്നു അന്ന് സൗദി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ഇടപെടലിന്റെ ഭാഗമായി പതിനായിരത്തോളം ആളുകളെ അധികം പറഞ്ഞയച്ചു.
ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷകള്‍ വളരെ അധികം കൂടിയപ്പോള്‍, നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ച് പറഞ്ഞു ഞങ്ങള്‍ക്ക് 190000 പോരാ, കുറച്ച് കൂടുതല്‍ വേണം. മോദി ഇടപ്പെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് അദ്ദേഹം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ ചെലവില്‍ ആളുകളെ കൊണ്ട് പോകാന്‍ ആലോചിച്ചു. എന്നാല്‍ സര്‍ക്കാരിന് വേണ്ടത്ര വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അവസാനം മോദി ഒരു പ്രഖ്യാപനം നടത്തി. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ഈ തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ സാധിക്കുമെങ്കില്‍ ഏജന്‍സികള്‍ മുന്നോട്ട് വരണമെന്ന്. അങ്ങനെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഒരു കൊള്ളലാഭവുമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ഥന നടത്താന്‍ അവസരം നല്‍കിയ മഹാനായ നേതാവാണ് നരേന്ദ്ര മോദി. നല്ല മുസ്ലിം മതവിശ്വാസികള്‍ ഇത് തിരിച്ചറിയണം.
സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ സാധിക്കില്ലെന്ന ഒരു പ്രശ്‌നം ഉണ്ടായിരുന്നു. 2014-ല്‍ യുപിയില്‍ നിന്ന് ഒരു സ്ത്രീ മോദിക്ക് കത്തെഴുതുന്നു. ഹജ്ജിന് പോകണമെങ്കില്‍ വിവാഹം നിഷിദ്ധമായ തുണയുണ്ടെങ്കില്‍ മാത്രമേ നിലവില്‍ പോകാന്‍ സാധിക്കുകയുള്ളൂ. എനിക്ക് തുണയായി ആരുമില്ലെന്ന് മോദിയോട് കത്തില്‍ വിവരിച്ചു. മോദി സൗദി ഭരണകൂടവുമായി ഇടപ്പെട്ടു. അവിടുത്തെ മത പണ്ഡിതന്‍മാരുമായി ഇടപ്പെട്ടു. അവസാനം മോദിയുടെ നിര്‍ദേശം അംഗീകരിച്ച് സൗദി സര്‍ക്കാരും മതപണ്ഡിതരും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാമെന്ന തീരുമാനമെടുത്തു' അബ്ദുള്ളക്കുട്ടി കോഴിക്കോട് നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നപ്പോള്‍, കെട്ട്യോളേയും കൂട്ടി ഉംറക്ക് പോയി തിരിച്ചുവന്നപ്പോള്‍ കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ച് പറഞ്ഞു, എടോ താന്‍ എന്തൊരു കമ്യൂണിസ്റ്റാണെന്ന്. അക്കാര്യം പറഞ്ഞ് പുറത്താക്കിയ തനിക്ക് ഇന്ത്യയിലെ സത്യസന്ധരായ മുഴുവന്‍ മുസ്ലിങ്ങളെയും ഉംറയും ഹജ്ജും ചെയ്യിപ്പിക്കുന്നതിന്റേയും ചുമതല നല്‍കിയതില്‍ ബിജെപിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ap abdullakutty-modi calls to UAE sheikh- increase the Hajj quota
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..