പ്രൊഫ. അബ്ദുൾ വവാബ്, കാസിം ഇരിക്കൂർ
കോഴിക്കോട്: ഐ.എന്‍.എല്ലില്‍ പരസ്പരം പുറത്താക്കലും വിഴുപ്പലക്കലും പാര്‍ട്ടിയുടെ പിളര്പ്പിലേക്കെത്തിച്ചപ്പോള് കാല് നൂറ്റാണ്ടിനിപ്പുറം പാര്‍ട്ടിക്ക് കിട്ടിയ മന്ത്രി സ്ഥാനത്തില്‍ പരസ്പരം അവകാശമുന്നയിക്കുകയാണ് പാര്‍ട്ടി സംസ്ഥാന പ്രസഡന്റ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും.
ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ അഖിലേന്ത്യാ നേതൃത്വത്തിനൊപ്പമാണ് മന്ത്രി നില്ക്കേണ്ടതെന്ന് കാസിം ഇരിക്കൂര്‍ പറയുമ്പോള്‍ കേരളത്തിലെ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് ദേവര്‍കോവില്‍ തങ്ങള്‍ക്കൊപ്പമാണ് നില്ക്കേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.അബ്ദുള്‍ വഹാബും ചൂണ്ടിക്കാട്ടി. മന്ത്രിയെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത്തരമൊരു നിലപാടിലേക്ക് പോവേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.
അബ്ദുള്‍ വഹാബ് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു
1-ലീഗിന്റെ സീറ്റ് മോഹിയാണ് താങ്കള്‍ എന്നാണ് കാസിം ഇരിക്കൂര്‍ ആരോപിക്കുന്നത്?
പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തിലൊക്കെ ലീഗുമായി ഒരു സന്ധിയുമില്ലെന്ന് പ്രഖ്യാപിച്ച് ആദ്യ കാല ഘട്ടം മുതല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചയാളാണ് ഞാന്‍. അത് പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട്. എന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അറിയാം മത്സരങ്ങളെല്ലാം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരേ ആയിരുന്നു. ലീഗിനൊപ്പം ചേരുന്നുവെന്നൊക്കെ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രം പറയാം. പി.എം.എ സലാം പാര്‍ട്ടി വിട്ട് പോയി ലീഗിലേക്ക് ചേര്‍ന്നപ്പോള്‍ ഐ.എന്‍.എല്ലിനെ ലീഗിലേക്ക് ചേര്‍ക്കാന്‍ പറ്റുന്ന പരിപാടികളെല്ലാം അവര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായ നിലപാടെടുത്ത് പാര്‍ട്ടിയെ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തിയ ആളാണ് ഞാന്‍. മാത്രമല്ല ഒരു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പുറത്താക്കാനുള്ള അധികാരമൊന്നും ജനറല്‍ സെക്രട്ടറിക്കില്ല. പ്രസിഡന്റല്‍ ഓറിയെന്റല്‍ പാര്‍ട്ടിയെന്ന നിലയില്‍ അഖിലേന്ത്യാ പ്രസിഡന്റിന് മാത്രമാണ് അതിന് അധികാരം. തന്നെ പുറത്താക്കിയെന്ന് പറഞ്ഞ് അഖിലേന്ത്യാ പ്രസിഡന്റിന്റേതായ ഒരു കത്ത് ജനറല്‍ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാട്ടിയെങ്കിലും തന്നില്‍ നിന്ന് അങ്ങനെയൊരു നടപടിക്കായി ഒരു വിശദീകരണവും തേടിയിട്ടില്ല.
2-മന്ത്രി സ്ഥാനം കിട്ടിയത് മുതലാണോ
പാര്‍ട്ടിയില്‍ പ്രശ്നം തുടങ്ങിയത്?
ഐ.എന്‍.എല്ലിന് മന്ത്രി സ്ഥാനം കിട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടേയുള്ളൂ. ശരിക്ക് പറയുമ്പോള്‍ പുതിയ സംസ്ഥാന കമ്മിറ്റി വന്നത് മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടിയിലെ വിഷയം. 2018 വരെ ഈ പാര്‍ട്ടിയൊരു കുടുംബം പോലെ കഴിഞ്ഞതാണ്. എന്നാല്‍ 2018 മാര്‍ച്ചില്‍ പുതിയ സംസ്ഥാന കമ്മിറ്റി വന്ന് ആദ്യ ദിവസം തുടങ്ങിയതാണ് പ്രശ്നം. കമ്മിറ്റി വിളിച്ച് കൂട്ടാതിരിക്കുക, മിനിറ്റ്സില്‍ കൃത്രിമം കാണിക്കുക, ജനാധിപത്യ മര്യാദകള്‍ പാലിക്കാതിരിക്കുക, തുടങ്ങിയ വിഷയങ്ങളൊക്കെ ഉണ്ടായി. ഒടുവില്‍ അനാവശ്യ ആരോപണങ്ങളും മറ്റുമായി പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന അവസ്ഥയിലേക്ക് വന്നപ്പോഴാണ് നടപടിയിലേക്കും മറ്റും പോവേണ്ടി വന്നത്. പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പമാണ് എന്നൊക്കെ നമുക്ക് കണ്ടറിയാം. 14 ജില്ലാ കമ്മറ്റികളും തങ്ങള്‍ക്കൊപ്പമാണ് എന്നാണ് കാസിം ഇരിക്കൂര്‍ അവകാശപ്പെടുന്നത്. ഇതേ വാദമായിരുന്നു പി.എം.എ സലാം പാര്‍ട്ടി വിട്ട് പോവുമ്പോഴും ചൂണ്ടിക്കാട്ടിയത്. ആര് ആര്‍ക്കൊപ്പമാണ് എന്നും ലീഗിന് ചൂട്ട് പിടിച്ച് കൊടുക്കുന്നത് ആരായിരിക്കുമെന്നതൊക്കെ വരും ദിവസങ്ങളില്‍ നമുക്ക് കാണം.
3-പി.എസ്.സി അംഗ്വത്തിനായി 40 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് ഉയര്‍ന്ന് വന്ന പ്രധാന ആരോപണം-ഇങ്ങനെയൊരു സംഭവമുണ്ടോ ഉണ്ടെങ്കില്‍ ആരാണ് കോഴ വാങ്ങിയത്?
ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. മാത്രമല്ല ഈ ആരോപണമുന്നയിച്ചയാളെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുമാണ്. ഇപ്പോള്‍ കാസിം ഇരിക്കൂര്‍ പറയുന്നത് പതിനഞ്ച് പേരെ ഇന്റര്‍വ്യൂ നടത്തിയാണ് പി.എസ്.സി അംഗത്വത്തിലേക്ക് നിയമിച്ചത് എന്നാണ്. എന്നാല്‍ ഇങ്ങനെയൊരു ഇന്റര്‍വ്യൂ ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിക്ക് ഒരു അറിവും ഇല്ലതാനും. പിന്നെങ്ങനെയാണ് അങ്ങനെയൊരു ഇന്റര്‍വ്യൂ നടത്തിയത് എന്നറിയില്ല.അതിനുള്ള അധികാരവും അദ്ദേഹത്തിന് ആരും നല്‍കിയിട്ടില്ല.
4-എല്‍.ഡി.എഫ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയോ,പുതിയ പാര്ട്ടിയുണ്ടാകുമോ?
പ്രവര്‍ത്തകര്‍ എവിടെയാണോ അവിടെയാണ് പാര്‍ട്ടി. ഇക്കാര്യം ഇടതുപക്ഷ നേതൃത്വത്തിനും അറിയാം. എവിടെയാണ് പ്രശ്നമെന്നൊക്കെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവര്‍ക്കത് ബോധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയായിട്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും. മറിച്ച് വരുന്നതൊക്കെ ആരോപണങ്ങള്‍ മാത്രമാണ്. പാര്‍ട്ടിയുള്ളിടത്ത് പ്രവര്‍ത്തകര്‍ ഉണ്ടാവും മന്ത്രിയുമുണ്ടാവും. പാര്‍ട്ടിക്ക് സ്വാധീനമുള്ളയിടത്തൊക്കെ പ്രവര്‍ത്തകര്‍ സംസ്ഥാന കമ്മിറ്റിക്കൊപ്പമായിരിക്കുമെന്നതില് സംശയമില്ല.
5-താങ്കളുടെ സിമി ബന്ധം ഉപയോഗിച്ചാണ് കാസിം ഇരിക്കൂര്‍ പ്രതിരോധം തീര്‍ക്കുന്നത്?
ഇങ്ങനെ ഭൂതകാലം പറഞ്ഞ് പ്രസ്താവനകള്‍ നടത്തി അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനാവുകയാണ്. നാല്പത് വര്‍ഷം മുമ്പുള്ള നിലപാടല്ല തനിക്ക് ഇപ്പോഴുള്ളത്. പരസ്പരം തെറ്റുമ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് യഥാര്‍ഥ രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല. ശ്മശാനങ്ങളില്‍ പരതുന്നത് സാധാരണ രീതയില്‍ മാന്യന്മാര്ക്ക് എന്നല്ല മനുഷ്യന്മാര്ക്ക് പോലും ചേര്‍ന്നതല്ല എന്നാണ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..