കൊച്ചി: ആലുവ സി.ഐ. സുധീറിന് നല്‍കിയ സ്ഥലംമാറ്റം കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സി.ഐയെ സ്ഥലം മാറ്റിയതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയാണെന്നും ആരോപണ വിധേയനായ സി.ഐക്ക് സസ്പെന്‍ഷന്‍ ലഭിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ സമരം തുടരുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ. സി.എല്‍. സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. സി.ഐക്കെതിരേ ഗുരുതര ആരോപണമാണ് മൊഫിയയുടെ വീട്ടുകാരും ബന്ധുക്കളും ഉയര്‍ത്തിയിരുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും സി.ഐയെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. 

അതേസമയം സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  അന്‍വര്‍ സാദത്ത് എം.എല്‍.എ., റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ബെന്നി ബെഹ്‌നാന്‍ എം.പി. തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.  

പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. സി.ഐക്ക് എതിരേ പെണ്‍കുട്ടിയുടെ മരണമൊഴി ഉണ്ടായിരുന്നു. എന്നിട്ടും സി.ഐക്കെതിരേ കേസ് എടുക്കാനോ സസ്പെന്‍ഡ് ചെയ്യാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. അദ്ദേഹം സസ്പെന്‍ഷന്‍ അര്‍ഹിക്കുന്നുണ്ട്. ഇപ്പോഴുള്ള സ്ഥലം മാറ്റം കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു. 

സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് പറയുന്നത്. പക്ഷേ നടക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വനിതാ കമ്മിഷനും പോലീസുമെല്ലാം നോക്കുകുത്തിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സി.ഐക്ക് സസ്പെന്‍ഷന്‍ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും സി.ഐ. സുധീറിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും സി.ഐ. സുധീറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. സി.ഐക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്. മകള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് അല്‍പം കരുണയാണ് വേണ്ടിയിരുന്നതെന്നും കരുണ കിട്ടിയിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞിരുന്നു.

content highlights: anwar sadath mla on mofiya parveen death and transfer of ci sudheer