തിരുവനന്തപുരം: അനുപമയുടെ കുട്ടി എവിടെയെന്ന് സർക്കാർ പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തുകൊണ്ടാണ് കേസ് ഇതുവരെ പോലീസ് അന്വേഷിക്കാത്തത്. ഒരു സ്ത്രീ വന്ന് പരാതി പറഞ്ഞിട്ടും ആറ് മാസമായിട്ടും എന്തുകൊണ്ട് എഫ്ഐആർ രേഖപ്പെടുത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ സിപിഎം ഭരണമാണ് നടക്കുന്നത്. സിപിഎമ്മിന്റെ യുവജന വിദ്യാർത്ഥി സംഘടനയുടെ നേതാക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അവർക്ക് നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് നീതി കിട്ടുക എന്നും അദ്ദേഹം ചോദിച്ചു. 

അനുപമയുടെ കുട്ടിയുടെ വിഷയം വെറും ഒരു പാർട്ടിക്കാര്യമല്ല. ഇതിന് സർക്കാർ വ്യക്തമായ ഉത്തരം പറയണം. സംഭവത്തിൽ ധാരാളം ദുരൂഹതകളുണ്ട്. പാർട്ടിക്കാര്യം തീർക്കുന്നത് പോലെയാണ് ഇപ്പോൾ തീർക്കുന്നത്. പാർട്ടിക്ക് വേറെ കോടതിയും വേറെ ചൈൽഡ് വെൽഫെയർ കൗൺസിലും വേറെ പോലീസും എന്നത് പറ്റില്ലാല്ലോ. ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞ് എവിടെയെന്ന് ചോദിക്കുന്ന അമ്മയോട് അവരുടെ കുഞ്ഞ് എവിടെയാണ് എന്ന് സർക്കാരും ഏജൻസികളും പറയാൻ തയ്യാറാകണം. ഒരു അമ്മ കുഞ്ഞിനെ വന്ന് ചോദിക്കുമ്പോൾ ആ കുഞ്ഞിനെ കൈകാര്യം ചെയ്ത ചൈൽഡ് വെൽഫെയർ കമ്മിറ്റി കൈമലർത്തി കാണിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഈ ഏജൻസികൾ? സർക്കാർ ഏജൻസികൾ വെറും നോക്കുകുത്തികളാണോ?

കഴിഞ്ഞ ദിവസം എംജി യൂണിവേഴ്സിറ്റിയിൽ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ നേതാവിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിൽ എന്ത് നടപടിയാണ് പോലീസ് എടുത്തത്. പാർട്ടിക്കാർക്ക് വേണ്ടിയിട്ട്, പാർട്ടിക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണോ പോലീസ് എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരായ, പെൺകുട്ടികൾക്കെതിരായ, കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Anupama's kids, government must answer - VD satheesan