തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് പിന്തുണയുമായി സിപിഎം. ഷിജുഖാൻ നിയമപ്രകാരം നടത്താനുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കട്ടുകൊണ്ട് പോയി എന്ന് പറഞ്ഞ അനുപമ തന്നെ കുട്ടിയെ ശിശുക്ഷേമസമിതിയിൽ എത്തിച്ചതായി മൊഴി നൽകുകയുണ്ടായി. എന്നാൽ ഷിജുഖാൻ നിയമപ്രകാരം നടത്താറുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തത്. ആറ്, ഏഴ് മാസങ്ങൾക്ക് ശേഷമാണ് ശിശുക്ഷേമ സമിതി ദത്ത് നടപടികൾ നടക്കുന്നത്. എന്നാൽ ഈ സമയത്ത് ആരും തന്നെ അവകാശവുമായി എത്തിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

നിലവിൽ ദത്തെടുത്തതുമായി ബന്ധപ്പെട്ട തീയതിയും നടപടിക്രമങ്ങളും വെളിപ്പെടുത്താൻ ഷിജുഖാന് സാധിക്കില്ല. കാരണം നിയമാനുസരണം ആ സ്ഥാപനത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻ അവർ ബാധ്യസ്ഥയാണ്. അതിന്റെ വസ്തുതകൾ മനസ്സിലാക്കാൻ കഴിയും മുമ്പ് ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യത തകർക്കുന്ന നിലയാണ് ചിലർ സ്വീകരിക്കുന്നതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതേസമയം ഷിജുഖാനെ പിന്തുണച്ച് കൊണ്ട് നേരത്തെ സർക്കാരും രംഗത്തെത്തിയിരുന്നു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.

എന്നാൽ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ശിശുക്ഷേമ സമിതി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു എന്ന് ആനാവുർ നാഗപ്പന് എങ്ങനെ പറയാൻ സാധിക്കുമെന്ന് അനുപമ ചോദിച്ചു. സംരക്ഷിക്കാൻ വേണ്ടിയാണ് തന്റെ കൈയിൽ നിന്ന് കുട്ടിയെ രക്ഷിതാക്കൾ കൊണ്ടുപോയതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ദത്ത് വിവാദം ചർച്ച ചെയ്യാൻ വേണ്ടി നാളെ പേരൂർക്കട ഏരിയ, ലോക്കൽ കമ്മിറ്റികൾ ചേരും. 

Content highlights: Anupama's child missing case: CPM support to Shijukhan