കുഞ്ഞിനൊപ്പം അനുപമ
തിരുവനന്തപുരം: ''അവനെ കണ്ടിട്ട് വിട്ടുപോരുന്നതില്‍ പ്രയാസമുണ്ട്'' -ചൊവ്വാഴ്ച വൈകീട്ട് അനുപമയുടെ ഈ വാക്കുകളിലുണ്ടായിരുന്നു അമ്മമനസ്സിന്റെ ദുഃഖം. കൃത്യം ഇരുപത്തിനാല് മണിക്കൂറിനു ശേഷം ആ അമ്മയ്ക്ക് കുഞ്ഞിനെ സ്വന്തമായിക്കിട്ടി. ഞാനിവനെ നല്ലൊരു മനുഷ്യനായി വളര്‍ത്തുമെന്നായിരുന്നു അപ്പോഴുള്ള മറുപടി.
കുഞ്ഞിന് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ അനുപമയും സമരകൂട്ടാളികളായ മാഗ്ലിനും മിനിയുമാണ് പോയത്. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങി സുഹൃത്ത് അമൃതിന്റെ വീട്ടില്‍ വെച്ചു. ഈ സമയത്താണ് വക്കീലിന്റെ വിളിയെത്തിയത്. ഉടനെ നിങ്ങള്‍ കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വിളി. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന കത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണിത്.
ഇതൊന്നുമറിയാതെ ഈ സമയം കുഞ്ഞോമന കുന്നുകുഴിയിലെ നിര്‍മലഭവനില്‍ ഉറക്കത്തിലായിരുന്നു. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ഭാരവാഹികള്‍ കുന്നുകുഴിയിലെത്തി അവനെ പുതിയ ഉടുപ്പിടീച്ച് ഒരുക്കി.
ശിശുക്ഷേമസമിതി ഭാരവാഹിയുടെ തോളില്‍ കിടന്നുറങ്ങി അവന്‍ കോടതിയിലേക്ക്. ഇതേ സമയത്താണ് അവന്റെ അച്ഛനും അമ്മയും കോടതിയില്‍ എത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കാനാണ് കോടതി അവരെ വിളിച്ചുവരുത്തിയത്. അവസാനം കേരളം കാത്തിരുന്ന കോടതി നടപടികള്‍ തുടങ്ങി.
കുഞ്ഞിനെ കൈമാറിയത് ജഡ്ജിയുടെ ചേംബറില്‍ വെച്ച്
അനുപമയെയും അജിത്തിനെയും ജഡ്ജിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ജഡ്ജിയുടെ ചേംബറില്‍ വെച്ച് ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. ഏറെ സന്തോഷത്തോടെ കുഞ്ഞോമനയെ അമ്മ ഏറ്റുവാങ്ങി, സ്‌നേഹചുംബനം നല്‍കി.
കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുപമയും അജിത്തും കുഞ്ഞുമായി കോടതിക്ക് പുറത്തെത്തി. അജിത്തിന്റെ സുഹൃത്തിന്റെ കാറില്‍ അനുപമയും കുഞ്ഞും സാമൂഹികപ്രവര്‍ത്തക പി.ഇ. ഉഷയും സമരപ്പന്തലിലേക്ക്.
മഴയായതിനാലും വലിയ തിരക്കായതിനാലും അവര്‍ക്ക് സമരപ്പന്തലില്‍ ഇറങ്ങാനായില്ല. എല്ലാവര്‍ക്കും നന്ദി, സമരം ഇനിയും തുടരും. ഞാന്‍ സമരപ്പന്തലില്‍ അധികം നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് അനുപമ മടങ്ങി. അമൃതിന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി പോയത്.
അവന്‍ ഇനി 'എയ്ഡന്‍'
കുഞ്ഞിന് എന്ത് പേരിടാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ അനുപമയുടെ മറുപടിയെത്തി -ഇനി അവന്‍ എയ്ഡന്‍ അനു അജിത്ത് എന്ന പേരിലാവും അറിയപ്പെടുക. 'എയ്ഡന്‍' എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ഥം. ഐറിഷ് പുരാണങ്ങളില്‍നിന്നുമാണ് എയ്ഡന്‍ എന്ന പേരു വന്നത്.
എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാം -അനുപമ
തിരുവനന്തപുരം: മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ. കുഞ്ഞിനെ ദത്തെടുത്ത അവര്‍ക്ക് നീതികിട്ടണം. അവര്‍ എപ്പോള്‍ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെപേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അങ്ങോട്ടുപോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ട് -അനുപമ പറഞ്ഞു.
ഒറ്റയ്ക്കല്ല, കൂടെയുണ്ട് ഞങ്ങള്‍
തിരുവനന്തപുരം: കേരളം ശ്രദ്ധിച്ച സമരത്തിന് അനുപമയ്ക്ക് പിന്തുണമായി വന്നവര്‍ പലരുമുണ്ട്. നിയമസഭയില്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏറെ പരിശ്രമിച്ചത് കെ.കെ. രമ എം.എല്‍.എ.യാണ്. അനധികൃത ദത്ത് കേസ് സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അവതരിപ്പിച്ചതിനുപിന്നില്‍ രമയുടെ ഇടപെടലാണ്. ''അനുപമ പറഞ്ഞതില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ അവളുടെ വീട്ടില്‍പ്പോയി. അന്നുമുതല്‍ ഞാന്‍ അവളോടൊപ്പമുണ്ട്. ഒരുദിവസം അവള്‍ എന്നെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ വളരെ സങ്കടം തോന്നി- 'ചേച്ചി എനിക്ക് മാനസികമായ പിന്തുണവേണം, ആരും സഹായിക്കാനില്ല. പലരില്‍നിന്ന് ഭീഷണി. ഞാന്‍ എല്ലാ വാതിലും മുട്ടിയിട്ടും ഒന്നുമുണ്ടായില്ല'- അവള്‍ അന്ന് എന്നെ വിളിച്ച് പറഞ്ഞത് ഞാന്‍ ഇപ്പോഴുമോര്‍ക്കുന്നു- രമ പറഞ്ഞു.
അവസാനം ചൊവ്വാഴ്ച കുഞ്ഞിനെ കാണാന്‍ അവസരമുണ്ടാക്കി തരണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജുമായി സംസാരിച്ച് അതും ശരിയാക്കി കൊടുത്തെന്ന് രമ വ്യക്തമാക്കി.
'അനുപമയ്ക്കുവേണ്ടി മാത്രമല്ല, ശിശുക്ഷേമസമിതിയെ സുതാര്യമാക്കാനുമാണീ സമരം'- സമരത്തിന്റെ പ്രധാന മുഖമായിരുന്ന മിനി എസ്. പറഞ്ഞു. അനുപമ-അജിത്ത് ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍ സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ്. തളരാതെ അനുപമയ്‌ക്കൊപ്പം നില്‍ക്കാന്‍ ഒരു നിരതന്നെയുണ്ട്. മിനി മോഹന്‍, ശ്രീജ നെയ്യാറ്റിന്‍കര, മാഗ്ലിന്‍ ഫിലോമിന, മുംതാസ് ബീഗം എന്നിവരാണവര്‍. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ജ്യോതി രാധിക വിജയകുമാര്‍, വീണ എസ്. നായര്‍ എന്നിവര്‍ സമരപ്പന്തലില്‍ പിന്തുണയുമായി പല ദിവസങ്ങളില്‍ എത്തിയിരുന്നു.
വീഴ്ചകള്‍ അക്കമിട്ട് അന്വേഷണറിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുന്നതില്‍ വരുത്തിയ പ്രധാന വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. പ്രധാന നിരീക്ഷണങ്ങള്‍:
1. അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്താന്‍ ശിശുക്ഷേമസമിതി തുടര്‍ നടപടികളിലേക്ക് കടന്നു
2. ഏപ്രില്‍ 22-ന് അനുപമയുമായി ഓണ്‍ലൈന്‍ സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സി.ഡബ്ല്യു.സി. ഇടപെട്ടില്ല
3. സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും പേരൂര്‍ക്കട പോലീസിനെ വിവരം അറിയിച്ചില്ല
4. തിരക്കിട്ട് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശിശുക്ഷേമ സമിതിയും സി.ഡബ്ല്യു.സിയും ശ്രമിച്ചു
5. ശിശുക്ഷേമ സമിതിയില്‍ രണ്ടുകുട്ടികള്‍ ഉണ്ടായിട്ടും പരാതി നിലനില്‍ക്കെ അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കി
6. അമ്മത്തൊട്ടിലില്‍ ലഭിച്ചത് ആണ്‍കുഞ്ഞായിട്ടും പെണ്‍കുഞ്ഞാണെന്ന് വരുത്താന്‍ ശ്രമിച്ചു
7. ആണ്‍കുഞ്ഞിന് 'മലാല' എന്ന് പേര് നല്‍കി
8. രേഖകള്‍ നശിപ്പിക്കുന്നതിനായി ശിശുക്ഷേമ സമിതിയിലെ രജിസ്റ്ററില്‍ ഒരുഭാഗം ചുരണ്ടി മാറ്റി
9. ദത്തുകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന കുട്ടികളുടെ സീനിയോറിറ്റി മറികടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയത്
10. ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ അന്വേഷിക്കാനോ, ഡി.എന്‍.എ. പരിശോധനയ്‌ക്കോ സി.ഡബ്ല്യു.സി. തയ്യാറായില്ല
Content Highlights : Anupama named her child ' Aiden '


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..