കോടതിയിൽ നിന്ന് തങ്ങളുടെ കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം അനുപമയും, അജിത്തും പുറത്തേക്കു വരുന്നു | ഫോട്ടോ: ജി. ബിനുലാൽ, മാതൃഭൂമി
തിരുവനന്തപുരം: ദത്തു നല്‍കപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്ക്ക് കൈമാറാന്‍ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബക്കോടതി ഉത്തരവിട്ടതോടെ നീതിക്കായി അനുപമ നടത്തിയ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനാണ് സമാപ്തിയായത്. ജഡ്ജിയുടെ സാന്നിധ്യത്തില്‍ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്ന അപൂര്‍വ്വ മൂഹൂര്‍ത്തത്തിനും കോടതി സാക്ഷിയായി.
കോടതിയില്‍ നടന്ന കാര്യങ്ങള്‍
ഉച്ചയ്ക്ക് ശേഷം 2.30 നാണ് വഞ്ചിയൂര്‍ കുടുംബകോടതി കേസ് പരിഗണിച്ചത്
വനിതാ ശിശുവികസനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ പാര്‍പ്പിച്ചിരുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വഞ്ചിയൂരിലെ കുടുംബകോടതിയിലേക്ക് കൊണ്ടുവന്നു. ജഡ്ജിയുടെ ചേംബറില്‍ എത്തിച്ചു. അനുപമയും ജഡ്ജിയുടെ ചേംബറില്‍ എത്തി.
കുഞ്ഞിനെ ഹാജരാക്കിയ സമയത്ത് വൈദ്യ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ എത്തിക്കാന്‍ ശ്രമം. എന്നാല്‍ ശിശു രോഗ വിദഗ്ധനെ ലഭിക്കില്ലെന്ന് അറിയിപ്പ് വന്നു. ഡോക്ടറെ കൊണ്ടുവരാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കോടതിയെ അറിയിച്ചു.
രാവിലെയും കുട്ടിയെ പരിശോധിച്ചിരുന്നതാണെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. അതിനാല്‍ വൈദ്യ പരിശോധന നടത്തിയില്ലെങ്കിലും നിയമപ്രശ്‌നമുണ്ടാകില്ലെന്ന് കണക്കിലെടുത്ത് കുട്ടിയെ അമ്മയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
വൈകീട്ട് നാലുമണിയോടെ അനുപമയും പങ്കാളി അജിത്തും ചേര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ വെച്ച് കുഞ്ഞിനെ ഏറ്റുവാങ്ങി.
കുഞ്ഞ് അനുപമയുടെതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട് ശിശുക്ഷേമസമിതി ഇന്ന് രാവിലെ കോടതിക്ക് കൈമാറിയിരുന്നു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും സി.ഡബ്ല്യു.സി. ആവശ്യപ്പെട്ടിരുന്നു.
content highlights: anupama and ajith get back their baby, this is what happened in court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..