തിരുവനന്തപുരം: കുഞ്ഞിനെ കണ്ടെത്താനായ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ. നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. 

തികച്ചും നിരുത്തരവാദപരമായാണ് പോലീസ് കേസില്‍ ഉടനീളം ഇടപെട്ടത്. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ നല്‍കിയ പരാതിയില്‍ കാണിച്ച ആവേശം പോലീസ് കുഞ്ഞിനെ കാണാതായ പരാതിയില്‍ കാണിച്ചില്ല. 

ഏപ്രില്‍ മാസമാണ് പോലീസിന് പരാതി നല്‍കിയത്. പിന്നീട് സെപ്റ്റംബറില്‍ ഡി.ജി.പിക്കും പരാതി നല്‍കി. ഇപ്പോള്‍ എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ്. ആറുമാസക്കാലം തന്റെ പരാതിയില്‍ പോലീസ് കേസെടുത്തില്ല. തന്റ ഭാഗത്ത് തെറ്റുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. തെറ്റ് തന്റെ ഭാഗത്താണെങ്കില്‍ കേസെടുക്കുകയാണ് വേണ്ടത്.  

കുടുംബ കോടതിയില്‍ അപേക്ഷ നല്‍കി ഡി.എന്‍.എ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂര്‍ കുടുംബ കോടതിയിലെ നടപടികളില്‍ കക്ഷിചേരാന്‍ തന്നെയാണ് തീരുമാനം. ദത്ത് നടപടികള്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കുമെന്നും അനുപമ പറഞ്ഞു.

വിഷയത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായാണ് അനുപമ പോലീസിന്റെ ഇടപെടലുകളെ വിമര്‍ശിച്ചത്. പോലീസ് കൃത്യമായി കേസെടുത്തിരുന്നെന്നും അതിന്റെ ഭാഗമായി കൃത്യമായ നിര്‍ദേശങ്ങള്‍ അനുപമയ്ക്ക് നല്‍കിയിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്ന് അനുപമയുടെ ഭര്‍ത്താവ് അജിത്ത് പറഞ്ഞു. അത്തരം തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം തനിക്കെതിരെ ഉണ്ടാവുന്നുണ്ടെന്നും അജിത്ത് പറഞ്ഞു.

Content Highlights: Anupama against police on child missing case