തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന പരാതിയില്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, കുട്ടിയുടെ അമ്മ അനുപമ എസ് ചന്ദ്രന്റെ മൊഴിയെടുക്കും. നാളെ വൈകുന്നേരം നാല് മണിക്ക് ഹാജരാവാനാണ് അനുപമയോട് നിര്‍ദേശിച്ചിരിക്കുന്നത്. 

വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കേസില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അനുപമയോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചിരിക്കുന്നത്.