Anu Abrahamതിരുവനന്തപുരം: അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള കേരളീയം-വി.കെ. മാധവന്‍കുട്ടി പുരസ്‌കാരം മാത്യഭൂമി സീനിയര്‍ സബ് എഡിറ്റര്‍ അനു എബ്രഹാമിന്. മാത്യഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മിന്നുന്നതെല്ലാം ചാരിറ്റിയല്ല' എന്ന പരമ്പരയാണ് അനു എബ്രഹാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് 24 ന്യൂസ് ചാനലിലെ അലക്‌സ് റാം മൊഹമ്മദ് കരസ്ഥമാക്കി. ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനേയും അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിനേയും തിരഞ്ഞെടുത്തു.

ഗ്ലോബല്‍ കേരളാ ഇനിഷ്യറ്റീവ് കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഓരോ വര്‍ഷവും അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്നവര്‍ക്കായാണ്  കേരളീയം അവാര്‍ഡുകള്‍ നല്‍കുന്നത്. 50001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ് (റിട്ട.) അധ്യക്ഷനും കെ.വി. സുധാകരന്‍ (സംസ്ഥാന വിവരാവകാശ കമ്മീഷണര്‍), വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റര്‍, കേരളാ കൗമുദി), സരസ്വതി നാഗരാജന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, ദി ഹിന്ദു). ലാലു ജോസഫ് എന്നിവര്‍ അംഗങ്ങളുമായ വിധി നിര്‍ണ്ണയസമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്.

Content Highlights: Anu Abraham bags Keraleeyam-VK Madhavankutty Award