ആന്റണി രാജു | Photo: മാതൃഭൂമി
തിരുവനന്തപുരം: സമരം ചെയ്യുന്ന ബസ് ഉടമകൾ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പെട്ടെന്നുള്ള സമരത്തിന് പിന്നിലുള്ള ലക്ഷ്യം വേറെയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് ചാർജ് വർധനവ് അനിവാര്യമാണെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് ഈ മാസം 30-ാം തീയതി നടക്കുന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസ് സമരത്തിൽ സർക്കാരിന് ഒരു പിടിവാശിയും ഇല്ല. സംഘടനയിലെ ചില നേതാക്കൾക്ക് മാത്രമാണ് പിടിവാശി. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ല എന്ന ഭാഷയാണ് ബസ് ഉടമകൾക്ക്. സർക്കാർ വാക്ക് പാലിച്ചു കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ബസ് ചർജ് വർധിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് ചർച്ചകൾ നടത്തി കമ്മിറ്റിയെ വെച്ചു അവരുമായി നിരന്തരം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പൊതുജനാഭിപ്രായം തേടി, വിദ്യാർഥികളുമായി ചർച്ച നടത്തി, അതിനുശേഷം 30-ാം തീയതി എൽ.ഡി.എഫ് യോഗം ചേർന്ന് ഈ കാര്യത്തിൽ അന്തിമമായി ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞതിന് ശേഷം ഇങ്ങനൊരു സമരം ചെയ്യുന്നതിന്റെ ലക്ഷ്യം മറ്റു ചിലതാണ്. അത് ചില സംഘടനാ നേതാക്കളുടെ സ്ഥാപിത താൽപര്യമാണ്. തങ്ങൾ സമരം ചെയ്തിട്ടാണ് ഫെയർ റിവിഷൻ ഉണ്ടായതെന്ന് ബസുടമകളെ ബോധ്യപ്പെടുത്താനുള്ള സ്ഥാപിത താൽപര്യമാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ഓട്ടോ ടാക്സി സംഘടനകൾ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. അവർ സർക്കാരിന്റെ വാക്കുകൾ വിശ്വസിച്ചു. അവർ സമരത്തിന് പോയില്ല. കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് ഓട്ടോ ടാക്സി സംഘടനകൾ സമരത്തിന് പോകാത്തതെന്നും മന്ത്രി പറഞ്ഞു.
ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സമരം പിൻവലിക്കാൻ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. ചാർജ് വർധനവ് അനിവാര്യമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് എങ്ങനെ നടപ്പിലാക്കണം, എന്ന് നടപ്പാക്കണം എന്ന് 30-ാം തീയതിയുള്ള എൽഡിഎഫ് യോഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൂടുതലൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ചർച്ചയ്ക്ക് വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Antony raju statement about private bus strike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..