തിരുവനന്തപുരം: ഒറ്റ അംഗങ്ങളുള്ള ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാൻ ധാരണ. ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ എം.എൽ.എ ആയ ആന്റണി രാജുവും, കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം കാഴ്ചവെച്ച ഐ.എൻ.എല്ലിന്റെ എം.എൽ.എ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. ഗണേഷ് കുമാറിനേയും രാമചന്ദ്രൻ കടന്നപ്പള്ളിയേയും രണ്ടാം ഘട്ടത്തിലേക്കാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് വി.എസ് ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റണി രാജു ജയിച്ചതും ഇപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും.

പാർട്ടിയിൽ നിന്ന് പലരും യു.ഡി.എഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ച് നിന്നതിന്റെ അംഗീകാരമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്ന് ആന്റണി രാജു പ്രതികരിച്ചു. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും പാർട്ടിയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട് സൗത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐ.എൻ.എൽ എൽ.എൽ.എ അഹമ്മദ് ദേവർകോവിൽ ജയിച്ച്‌ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇതും ഇരുപത്തിയഞ്ച് വർഷത്തോളമായുള്ള ഐ.എൻ.എല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ്.