തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം ഉണ്ടായ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റിബോഡികളാണ് പരിശോധിക്കുന്നത്. ആന്റി ബോഡികള്‍ കണ്ടെത്തിയാല്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവര്‍ക്ക് രോഗമില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് പരിശോധന നടത്തിയാല്‍ ഫലം നെഗറ്റീവായിരിക്കും. അതിനാല്‍ ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവര്‍ തെറ്റായ സുരക്ഷാബോധത്തില്‍ കഴിയരുത്. പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ലാത്തതിനാല്‍ അവരും കര്‍ശനമായ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചവരെ വിദേശത്തുനിന്ന് എത്തിയത് 98202 പേരാണ്. അതില്‍ 96581 ( 98.35 %) ശതമാനം പേരും വിമാനത്തിലാണ് എത്തിയത്. 1621 (1.65 % )പേര്‍ കപ്പലുകളിലുമാണ് എത്തിയത്. തിരികെ എത്തിയവര്‍ 36724 പേര്‍ കൊച്ചിയിലും 31896 പേര്‍ കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. തിരികേ എത്തിയവരില്‍ 72099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം എറണാകുളം, എന്നീ എഴ് ജില്ലകളില്‍ നിന്നുള്ളവരാണ്.
പുറമേനിന്ന് വന്ന കേസുകളില്‍ ഏഴ് ശതമാനം പേരില്‍നിന്ന് മാത്രമാണ് രോഗം പടര്‍ന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 93 ശതമാനം ആളുകളില്‍ നിന്നും രോഗം വ്യാപിക്കാതെ തടയാന്‍ സാധിച്ചു. തജിക്കിസ്താനില്‍നിന്ന് എത്തിയവരില്‍ 18.18 % പേരിലും റഷ്യല്‍നിന്ന് എത്തിയവരില്‍ 9.72% പേരിലും രോഗം സ്ഥിരീകരിച്ചു. നൈജീരിയ 6.51 %, കുവൈത്ത് 5.99%, യുഎഇ 1.6%, ഖത്തര്‍ 1.56%, ഒമാന്‍ .78%, എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ കണക്ക്.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് വിമാനങ്ങളും 43 വന്ദേ ഭാരത് വിമാനങ്ങളുമാണ് വിദേശകാര്യ മന്ത്രാലയം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 72 വിമാനങ്ങളാണ് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Anti-body tests will be conducted for those who come from abroad, says Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..