പ്രതീകാത്മകചിത്രം | AFP
കണ്ണൂര്‍: ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തില്‍ കൂടുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട്. ബാക്ടീരിയല്‍ അണുബാധക്കെതിരേയുള്ള മാന്ത്രിക വെടിയുണ്ടകളായ ആന്റിബയോട്ടിക്കുകള്‍ക്ക് 'ശക്തികുറയുക'യാണ്.
വിവിധ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ അണുക്കള്‍ അഞ്ചുമുതല്‍ 84 ശതമാനംവരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആന്റിബയോട്ടികള്‍ക്കെതിരേപ്പോലും അണുക്കള്‍ പ്രതിരോധമാര്‍ജിക്കുന്നു. മരുന്ന് ഫലിക്കാതായാല്‍ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും.
ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റര്‍, സാല്‍മൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകള്‍ക്ക് മുന്‍ഗണനനല്‍കി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഒന്‍പതു ജില്ലകളിലെ 21 കേന്ദ്രങ്ങളില്‍നിന്നായി 14,353 രോഗികളുടെ സാംപിളെടുത്താണ് ആദ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏത് ആന്റിബയോട്ടിക്കുകളാണ് ഫലപ്രദമാവുക എന്ന് മൈക്രോബയോളജിക്കല്‍ പരിശോധന നടത്തിയിട്ടേ നിര്‍ദേശിക്കാവൂ എന്ന് എ.എം.ആര്‍. വര്‍ക്കിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ.പി. അരവിന്ദന്‍ പറയുന്നു. വൈറല്‍ അസുഖങ്ങള്‍ക്ക് ആന്റിബയോട്ടിക് വേണ്ട. പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തുന്നത് കുറവാണ്. അതിനാല്‍ വിലപ്പെട്ട മരുന്നുകളെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിനയാകുന്നത് അശാസ്ത്രീയ ഉപയോഗം
ആന്റിബയോട്ടിക് പ്രതിരോധം നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി സംവിധാനമുണ്ടാക്കിയത് കേരളത്തിലാണ്. ആന്റിബയോഗ്രാം റിപ്പോര്‍ട്ട് പുറത്തിറക്കുകയുംചെയ്തു. എല്ലാജില്ലയിലും നിലവില്‍ ആന്റി മൈക്രോബിയല്‍ പ്രതിരോധസമിതിയുണ്ട്. 2023-ല്‍ സംസ്ഥാനത്ത് സന്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത വളര്‍ത്തലാണ് ലക്ഷ്യം. പക്ഷേ, അശാസ്ത്രീയ ഉപയോഗം കുറയ്ക്കാനാവുന്നില്ലെന്നതാണ് വെല്ലുവിളി.
Content Highlights: antibiotics kerala antibiotic resistance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..