കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ അലങ്കോലപ്പെടുത്താന്‍ സാമൂഹിക വിരുദ്ധരുടെ ശ്രമം. ഗൂഗിള്‍ മീറ്റുകളില്‍ ഉള്‍പ്പെടെ ലിങ്ക് ഉപയോഗിച്ചു കയറിയാണ് അസഭ്യവര്‍ഷവും അശ്ലീല വീഡിയോയും പോസ്റ്റ് ചെയ്യുന്നത്. സ്‌കൂളുകളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് അധ്യാപകര്‍. ഇതേക്കുറിച്ച് നിരവധി പരാതികളും സൈബര്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു.

കോഴിക്കോട് നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഓണ്‍ലൈന്‍ ക്ലാസിനായി തയ്യാറാക്കിയ ഒമ്പതാം ക്ലാസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരുദിവസം  രാത്രി നടന്നത് ഒരു മണിക്കൂറോളം നീണ്ട പേക്കൂത്താണ്. ഹാക്ക് ചെയ്ത് കയറിയവര്‍ അസഭ്യവര്‍ഷവും അശ്ലീലദൃശ്യങ്ങളും തുരുതുരാ പോസ്റ്റ് ചെയ്യുകയായിരുന്നു. നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന വിശ്വാസമാണ് നഷ്ടപ്പെട്ടു പോകുന്നത്. നമ്മള്‍ ഗ്രൂപ്പ് അഡ്മിന്‍ ആയുള്ള ഗ്രൂപ്പില്‍ മറ്റുള്ളവര്‍ കയറിവന്ന് അനാവശ്യം പറയുമ്പോള്‍ കുട്ടികളും മാതാപിതാക്കളും അത് കേള്‍ക്കുകയാണ്. ഒരു മണിക്കൂര്‍ സമയത്തേക്ക് ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടുണ്ട്. എന്നെ കൂടി അഡ്മിനാക്കു മോളേ, ഇല്ലെങ്കില്‍ ഈ നമ്പര്‍ താന്‍ യൂസ് ചെയ്യും എന്നൊരു ഭീഷണി സന്ദേശവും വന്നിരുന്നു- അധ്യാപിക പറയുന്നു.  

ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കൂടുതലും ആശ്രയിക്കുന്ന ഗൂഗിള്‍, സൂം മീറ്റുകളില്‍ നുഴഞ്ഞുകയറുന്നവര്‍ നഗ്നരായി നൃത്തം വെക്കുന്നതിലും അധ്യാപകരെ ചീത്ത വിളിക്കുന്നതിലും വരെ കാര്യങ്ങളെത്തുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

ഓണ്‍ലൈന്‍ ക്ലാസിനായി വരുന്ന സര്‍ക്കാരിന്റെ ആപ്പ് കൂടുതല്‍ സുരക്ഷിതമാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.

content highlights: anti socials attempt to dirupt onlline classes