കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി. കണ്ണൂര്‍ നാര്‍കോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസിനാണ് കേസിന്റെ അന്വേഷണചുമതല. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
പുതുതായി പണികഴിപ്പിച്ച കണ്വെന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസിവ്യവസായിയായ പാറയില്‍ സാജന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും ബന്ധുക്കളും ഗുരുതര ആരോപണമുന്നയിച്ചിരുന്നു. നഗരസഭ മനപൂര്‍വ്വം ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിച്ചെന്നും പി.കെ. ശ്യാമളയാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നഗരസഭയിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
അതേസമയം, ആന്തൂരിലെ സംഭവത്തില്‍ ഭരണസമിതിക്ക് വീഴ്ചയുണ്ടായെന്നും ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും സി.പി.എം. നേതാവ് പി. ജയരാജന് സമ്മതിച്ചു. ആന്തൂരിലെ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ സംഭവത്തില്‍ വിശദീകരണം നല്‍കാനായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പി. ജയരാജന് ഇക്കാര്യം തുറന്നുസമ്മതിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കേണ്ടവരല്ല ജനപ്രതിനിധികളെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.
Content Highlights: anthoor nri businessman sajan's suicide; case hand over to kannur narcotic dysp